സത്യവും നീതിയും ഉറപ്പ് വരുത്തുവാന്‍ യുവജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. കെ നാരായണക്കുറുപ്പ്. ഓം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാനവീയം പുരസ്‌കാരം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന് നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരത്തി ഒന്ന് രൂപയും ഫലകവും താമ പത്രവും അടങ്ങിയ പുരസ്‌ക്കാരമാണ് സമര്‍പ്പിച്ചത്.
സത്യത്തിനും നീതിക്കും വേണ്ടി ഒരു മനുഷ്യായുസ്സിന്റെ സിംഹഭാഗവും നീക്കിവച്ച് സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോന്റെ പ്രവര്‍ത്തനം ലോക ശ്രദ്ധ ആകര്‍ഷിച്ചതായി അദ്ദേഹം പറഞ്ഞു. അവാര്‍ഡുകള്‍ എന്തിന് വേണ്ടി ആര്‍ക്ക് നല്‍കി എന്നതിനെ ആശ്രയിച്ചാണ് അതിന്റെ മഹത്വം. ആ അര്‍ഥത്തില്‍ ജോമോന് നല്‍കുന്ന അവാര്‍ഡ് അര്‍ഹതയ്ക്കുള്ള യഥാര്‍ത്ഥ അംഗീകാരമാണ്. തന്റെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥ സംജാതമായിട്ടും താന്‍ വിശ്വസിച്ച സത്യപ്രമാണങ്ങളില്‍ ഉറച്ച് നിന്ന് വരും തലമുറകള്‍ക്ക് പ്രചോദനവും മാതൃകയുമായ പ്രവര്‍ത്തനങ്ങളാണ് ജോമോന്‍ നടത്തിയത്.
വൈക്കം ശ്രീ മഹാദേവ കോളേജ് ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ പി ജി എം നായര്‍ കാരിക്കോട് അധ്യക്ഷത വഹിച്ചു.