ജോസ് കെ മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതിയ്ക്കാണ് ജോസ് രാജിക്കത്ത് അയച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. പാലായിലോ കടുത്തുരിത്തിയിലോ ജോസ് മത്സരിക്കുമെന്നാണ് സൂചന. ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ലെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. കോടതി വിധിക്ക് ശേഷം രാജിയെന്നായിരുന്നു വിവരം.
കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് യുഡിഎഫ് നല്‍കിയ രാജ്യസഭ എം.പി സ്ഥാനം രാജിവെക്കാന്‍ ജോസ് തീരുമാനിച്ചത്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ഒക്ടോബര്‍ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി അറിയിച്ചിരുന്നത്. ഇടതുമുന്നണിയില്‍ എത്തി മൂന്നു മാസം പിന്നിടുമ്പോഴും രാജിയുണ്ടാകാത്തതില്‍ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം രണ്ടില ചിഹ്നം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമനടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് എം.പി സ്ഥാനം രാജിവെയ്ക്കാന്‍ വൈകിയതെന്നാണ് വിശദീകരണം. രാജിവെയ്ക്കാന്‍ വൈകുന്നത് വിവാദമായപ്പോള്‍ വേഗത്തില്‍ തന്നെ രാജിവെയ്ക്കുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശം സിപിഎമ്മും ജോസിന് മുന്നിലേക്ക് വെച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനൊപ്പം മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി കൂടിയാണ് ജോസിന്റെ രാജി. പാലായില്‍ മത്സരിക്കാനാണ് ജോസിന് ആഗ്രഹമെങ്കിലും കടുത്തുരിത്തി പരിഗണിക്കണമെന്നാവശ്യം പാര്‍ട്ടിക്കുള്ളിലുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ കടുത്തുരിത്തിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മേല്‍ക്കൈ നേടാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞിരുന്നു. കടുത്തുരിത്തിയില്‍ ജോസിന് ജയസാധ്യത കൂടുതലുണ്ടെന്നാണ് കേരളകോണ്‍ഗ്രസ് എമ്മിലെ അഭിപ്രായം.
ജോസ് കടുത്തിരുത്തിയില്‍ മത്സരിച്ചാല്‍ ഇടുക്കിയില്‍ നിന്ന് റോഷി അഗസ്റ്റിന്‍ പാലായിലേക്ക് വരും. അങ്ങനെയെങ്കില്‍ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിനെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ട്. പക്ഷേ കേരള കോണ്‍ഗ്രസിന്റെ സിറ്റിംങ് മണ്ഡലമായത് കൊണ്ട് അവരുടെ അഭിപ്രായത്തിനായിരിക്കും മുന്‍ഗണന.