ജനുവരി 30ന് ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം ആചരിക്കുമ്പോള്‍ എല്ലാവരും കുഷ്ഠരോഗത്തെപ്പറ്റി അവബോധമുള്ളവരായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. പരിപാടിയുടെ ഭാഗമായി ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണവും സ്പര്‍ശ് ബോധവല്‍ക്കരണ ക്യാമ്പയിനും നടത്തുന്നതാണ്. ആരംഭത്തിലെ രോഗനിര്‍ണയം നടത്തുകയും യഥാസമയം ചികിത്സ പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിലൂടെ കുഷ്ഠ രോഗത്തോടനുബന്ധിച്ച് ഉണ്ടാകുന്ന അംഗവൈകല്യം ഒഴിവാക്കാനാകും എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. കര്‍ശനമായ കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയതിലൂടെ കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിനായി. 2017-18ല്‍ 520 രോഗികളെയും 2018-19 ല്‍ 705 രോഗികളെയും 2019 20 ല്‍ 675 രോഗികളെയും, 2021ല്‍ നാളിതുവരെ 170 രോഗികളെയും പുതിയതായി കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
2018ല്‍ ആരംഭിച്ച അശ്വമേധം കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായ സ്പര്‍ശിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നു വരുന്നു. ഇതോടൊപ്പം അശ്വമേധം മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഈ വര്‍ഷം നടപ്പിലാക്കുന്ന എല്‍സ (Eradication of Leprosy through Self reporting & Awareness) കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ നിരന്തര ബോധവല്‍ക്കരണത്തിലൂടെ കുഷ്ഠ രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉള്ളവരെ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും പ്രേരിപ്പിക്കുന്നു. കുഷ്ഠരോഗ ചികിത്സ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംരംഭമായ ഇ-സഞ്ജീവനിയിലൂടെയും ചികിത്സ ലഭ്യമാക്കി വരുന്നു.
ഈ വര്‍ഷം നടപ്പിലാക്കി വരുന്ന മറ്റൊരു കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയാണ് ആക്ടീവ് കേസ് ഡിറ്റന്‍ഷന്‍ ആന്‍ഡ് റെഗുലര്‍ സര്‍വയലന്‍സ് ഫോര്‍ ലെപ്രസി (ACD & RS) സര്‍വേ. കുഷ്ഠ രോഗത്തിന്റെ സങ്കീര്‍ണതകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്ത് നിര്‍ണായക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമായ ഒരു പദ്ധതിയാണിത്. പരിശീലനം സിദ്ധിച്ച ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി യഥാസമയം ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നു. രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നതിന് ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നായ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനം കൈവരിക്കുന്നതിന് സംസ്ഥാനത്തെ പ്രിവലന്‍സ് നിരക്ക് 0.25 ല്‍ നിന്ന് 0.1/100000ന് താഴെ ആയി കുറയ്ക്കേണ്ടതുണ്ട്. കൂടാതെ ഗ്രേഡ് 2 അംഗ വൈകല്യത്തോടെ കണ്ടുപിടിക്കുന്ന കുഷ്ഠ രോഗികളുടെ നിരക്ക് ദശ ലക്ഷത്തിന് ഒന്നിന് താഴെയായി കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. ഈ നിരക്ക് 2018-19ല്‍ 1.48 ഉം 2019-20ല്‍ 1.54ഉം 2021ല്‍ 0.5 ആണ്. കുട്ടികളുടെ രോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തിന് 0.6ന് താഴെയായി കുറച്ചു കൊണ്ടുവരേണ്ടതുണ്ട്. ഇത് നിലവില്‍ 0.21 ആണ്.
ഈ സൂചികകള്‍ കാണിക്കുന്നത് കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം പൊതുജനപങ്കാളിത്തം കൂടി അനിവാര്യമാണെന്നതാണ്. തൊലിപ്പുറത്തു സ്പര്‍ശന ശേഷി കുറഞ്ഞതോ വേദന ഇല്ലാത്തതായ പാടുകളോ കുഷ്ഠരോഗം മൂലമുള്ള അംഗവൈകല്യമോ കണ്ടാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുവാന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.