എറണാകുളം: അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ താമസ സൗകര്യമൊരുക്കുന്ന ജനനി അപ്പാര്‍ട്ട്‌മെന്റ് ആദ്യ ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആദ്യ ഘട്ട അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനവും രണ്ടാംഘട്ട അപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി 13 ന് 12.30 ന് പെരുമ്പാവൂര്‍ പോഞാശ്ശേരിയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും.
കേരളത്തിലെ തൊഴിലാളികള്‍ക്കും കുറഞ്ഞ വേതനക്കാരായ ജീവനക്കാര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രദാനം ചെയ്യുകയാണ് പദ്ധതിയിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക് സ്വന്തം അപ്പാര്‍ട്ട്‌മെന്റ് മിതമായ വിലയ്ക്ക് നല്‍കുന്നതാണ് ജനനി പദ്ധതി.
സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയാണ് (ബി.എഫ്.കെ) അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്ന ഹോസ്റ്റല്‍ അപ്നാഘര്‍ പാലക്കാട് പ്രവര്‍ത്തനം ആരംഭിച്ചു.
ജനനി പോഞ്ഞാശ്ശേരി പദ്ധതിയുടെ ടവര്‍ 1 ല്‍ 715 ചതുരശ്ര അടി വീതം വിസ്തീര്‍ണ്ണമുള്ള 74 യൂണിറ്റുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. 14 നിലകളുള്ള 4 ടവറുകളിലുമായി മൊത്തം 296 അപ്പാര്‍ട്ട്മെന്റെുകളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. നാല് ടവറുകളിലായി 2,56,000 ത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മ്മാണം. 16 കോടി രൂപയാണ് പൂര്‍ത്തിയായ ടവറിന്റെ നിര്‍മ്മാണ ചെലവ്. 4 ടവറുകള്‍ക്കുമായി 64 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് മിതമായ നിരക്കില്‍ അപ്പാര്‍ട്ട്‌മെന്റ് ലഭ്യമാകും. രണ്ട് കിടപ്പ് മുറികളും ഒരു ലിവിംഗ് കം ഡൈനിംഗ് ഏരിയയും കിച്ചണ്‍ കം വര്‍ക്ക് ഏരിയയും കുളിമുറിയും ടോയ്‌ലറ്റുമാണുള്ളത്. അപാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന് അഗ്നിബാധശമന സംവിധാനം, ലിഫ്റ്റുകള്‍, ഡീസല്‍ ജനറേറ്റര്‍ ബാക്കപ്പ് സംവിധാനം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മുതലായവയുമുണ്ട്.