മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്‍. മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്മയ നടന്‍. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ജഗതി ശ്രീകുമാറിന്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച അമ്പിളിച്ചേട്ടന്റെ കഥാപാത്രങ്ങള്‍ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ല.
നാടകത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജഗതി വെള്ളിത്തിരയിലെത്തുന്നത് അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത കലാകാരനായി ജഗതി മാറി. ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഇതിനോടകം വേഷമിട്ടത് 1500 ലേറെ ചിത്രങ്ങളില്‍.
2012ലെ വാഹനാപകടത്തെ തുടര്‍ന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജഗതിക്ക് അധിക നാളൊന്നും വേണ്ടി വന്നില്ല മലയാള ചലച്ചിത്ര ലോകം അടക്കി വാഴാന്‍.
ഹാസ്യനടന്‍മാരുടെ ശ്രേണിയിലാണ് ജഗതിയുടെ സ്ഥാനമെങ്കിലും ക്യാരക്ടര്‍ റോളുകളും തനിക്ക് നിഷ്പ്രയാസം വഴങ്ങുമെന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചു. നിഴല്‍ക്കൂത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് വരെ ജഗതി ശ്രീകുമാറിന് ലഭിച്ചു. മാറ്റങ്ങളുമായി മലയാള സിനിമ മുന്നോട്ട് കുതിക്കുകയാണ്, ഉടനെ തന്നെ അമ്പിളിക്കല വെള്ളിത്തിരയില്‍ മിന്നുമെന്ന പ്രതീക്ഷയില്‍. പകരം വെക്കാന്‍ ആളില്ലാത്ത ഈ അഭിനയപ്രതിഭക്ക് ഒരായിരം ജന്മദിനാശംസകള്‍