പെരുമ്പാവൂര്‍: ഇരിങ്ങോള്‍ വല്ലം റിംഗ് റോഡിന്റെ രണ്ടാമത്തെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ജനുവരി അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി പതിനഞ്ചിനകം സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍വ്വേ നടപടികള്‍ പകുതിയോളം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ആദ്യ ഘട്ട സര്‍വ്വേയില്‍ രേഖപ്പെടുത്തിയ പദ്ധതിയുടെ അലൈന്മെന്റില്‍ ആവശ്യമായ മാറ്റങ്ങളും ഇതോടൊപ്പം തയ്യാറാക്കും. 7.300 കിലോമീറ്റര്‍ നീളത്തില്‍ 25 മീറ്റര്‍ വീതിയിലുമാണ് സര്‍വ്വേ നടത്തുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന 25 എണ്ണം പൂര്‍ത്തിയായി. ആകെ 50 എണ്ണമാണ് പരിശോധന. മണ്ണിന്റെ ബല പരിശോധനയും ഇതിനൊപ്പം നടത്തുന്നുണ്ട്. 3 കിലോമീറ്റര്‍ ദൂരത്തില്‍ ഇതുവരെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇരിങ്ങോള്‍ പ്രദേശത്ത് മുന്‍പ് സര്‍വ്വേ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. പ്രദേശവാസികളുമായും ഇരിങ്ങോള്‍ കാവ് ഭരണ സമിതിയുമായും എം.എല്‍.എ രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. കാവിന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകും.
സര്‍വ്വേ പൂര്‍ത്തിയാക്കി അതിന്റെ വിശദാംശങ്ങള്‍ ഇരിങ്ങോള്‍ കാവ് ക്ഷേത്ര സംരക്ഷണ ഭാരവാഹികള്‍ക്ക് നല്‍കും. തുടര്‍ന്ന് ഇവരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാകും പദ്ധതിക്കുള്ള അവസാന റിപ്പോര്‍ട്ട് തയ്യാറാക്കുക. സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെക്കുന്നത് പദ്ധതി തന്നെ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് എം.എല്‍.എ പറയുന്നു.
ആദ്യ ഘട്ട സര്‍വ്വേ റിപ്പോര്‍ട്ട് അലൈന്മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചെങ്കിലും അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പാലങ്ങളും കലുങ്കുകളും നിര്‍മ്മിക്കുന്നതിന് ആവശ്യമായ മണ്ണ് പരിശോധന നടത്തുന്നതിനുമാണ് രണ്ടാം ഘട്ട സര്‍വ്വേ ആവശ്യമായി വന്നത്. സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതിന് ശേഷം പദ്ധതിയുടെ ഡിസൈന്‍ പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗം തയ്യാറാക്കും. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നല്‍കിയ പദ്ധതി നിര്‍ദ്ദേശം പരിഗണിച്ചാണ് സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ ഇരിങ്ങോള്‍ വല്ലം റിംഗ് റോഡിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെരുമ്പാവൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിനുള്ള പരിഹാരം എന്ന നിലയിലാണ് റിംഗ് റോഡ് പദ്ധതി നിര്‍ദ്ദേശിക്കുന്നത്.