ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിസിസിഐ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലുമായാണ് പരമ്പര നടക്കുക. സാധ്യമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെങ്കിലും കാണികളെ പ്രവേശിപ്പിക്കണമെന്നാണ് ബിസിസിഐ വിചാരിക്കുന്നത്. 25000, 30000 എണ്ണം കാണികളെയെങ്കിലും ഇവിടെ പ്രവേശിപ്പിക്കാന്‍ കഴിയും. ഇരു സംസ്ഥാനങ്ങളിലും ആരോഗ്യവകുപ്പുമായി ബിസിസിഐ പ്രതിനിധികള്‍ സംസാരിക്കുകയാണ്.
അതേസമയം, ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരുന്ന ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ടീമില്‍ മടങ്ങി എത്തിയിട്ടുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന റോറി ബേണ്‍സും ടീമില്‍ തിരികെ എത്തി.
ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലി തിരികെ എത്തി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്‌നാട് പേസര്‍ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്‌ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്‌നി, പൃഥ്വി ഷാ എന്നിവരും ടീമില്‍ ഇടം നേടിയില്ല. ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ തിരികെ എത്തി. അക്‌സര്‍ പട്ടേലാണ് ടീമിലെ പുതുമുഖം.
ഫെബ്രുവരി അഞ്ചിന് ടെസ്റ്റ് പരമ്പരയോടെയാണ് ഇംഗ്ലണ്ടുമായുള്ള മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയില്‍ നടക്കും.