ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍. ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് കളി സമനിലയാക്കിയത്. 97 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര (77), രോഹിത് ശര്‍മ്മ (52) എന്നിവരും തിളങ്ങി. ആറാം വിക്കറ്റില്‍ അശ്വിന്‍- വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്‍പാണ് കളി സമനിലയിലാക്കിയത്.
2 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍, രണ്ടാം ഓവറില്‍ തന്നെ രഹാനെ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 4 റണ്‍സ് മാത്രമെടുത്ത താരത്തെ നഥാന്‍ ലിയോണിന്റെ പന്തില്‍ മാത്യു വെയ്ഡ് പിടികൂടുകയായിരുന്നു. വിഹാരിക്ക് പകരം പിന്നീട് ക്രീസിലെത്തിയത് ഋഷഭ് പന്ത് ആയിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ചു. ഇതിനിടെ പന്ത് നകിയ ചാന്‍സുകള്‍ ഓസ്‌ട്രേലിയ വിട്ടുകളയുകയും ചെയ്തു. കിട്ടിയ ലൈഫ് ഉപയോഗിച്ച് പന്ത് ഫിഫ്റ്റി തികച്ചു. വെറും 64 പന്തുകളിലാണ് പന്ത് ഫിഫ്റ്റിയിലേക്ക് കുതിച്ചെത്തിയത്. ലിയോണിനെതിരെ ബൗണ്ടറി നേടാനുള്ള ശ്രമം പോയിന്റില്‍ കമ്മിന്‍സിന്റെ കൈകളില്‍ അവസാനിക്കുമ്പോല്‍ 100 എന്ന മാന്ത്രിക സംഖ്യയില്‍ നിന്ന് വെറും 3 റണ്‍സ് മാത്രം അകലെയായിരുന്നു പന്ത്. വെറും 118 പന്തുകള്‍ മാത്രം നേരിട്ടാണ് യുവതാരം 97 റണ്‍സ് എടുത്തത്.
പന്ത് പുറത്തായതിനു പിന്നാലെ ആക്രമണം ചുമതല ഏറ്റെടുത്ത പൂജാര വിഹാരിയെ കൂട്ടുപിടിച്ച് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇതിനിടെ വിഹാരിക്ക് മസില്‍ വേദനയുണ്ടാകിയത് വീണ്ടും ഇന്ത്യക്ക് തിരിച്ചടിയായി. വിക്കറ്റിനിടയിലെ ഓട്ടത്തിനു പോലും സാധിക്കാതിരുന്ന താരം ഡിഫന്‍സീവ് മോഡിലേക്ക് മാറി. സമനില എന്നത് മാത്രം ഒരു ഓപ്ഷനായി നില്‍ക്കവെ ഇന്ത്യയെ ഞെട്ടിച്ച് പൂജാര പുറത്തായി. 77 റണ്‍സെടുത്ത പൂജാരയെ ഹേസല്‍വുഡ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
88.2 ഓവറില്‍ സ്‌കോര്‍ 272ല്‍ നില്‍ക്കവെയാണ് ഇന്ത്യക്ക് പൂജാരയെ നഷ്ടമാവുന്നത്. ആറാം വിക്കറ്റില്‍ അശ്വിന്‍- വിഹാരി സഖ്യം ഒത്തുചേര്‍ന്നു. 43.4 ഓവറുകളാണ് ഈ സഖ്യം അതിജീവിച്ചത്. 62 റണ്‍സിന്റെ കൂട്ടുകെട്ടും ഇവര്‍ ഉയര്‍ത്തി. ഒടുവില്‍ ഇന്നിംഗ്‌സിലെ അവസാന ഓവര്‍ ബാക്കി നിര്‍ത്തി ഇരു ക്യാപ്റ്റന്മാരും കൈ കൊടുത്തു. അശ്വിന്‍ 39ഉം വിഹാരി 23ഉം റണ്‍സെടുത്ത് പുറത്താവാതെ നിന്നു.