ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാര (9), അജിങ്ക്യ രഹാനെ (5) എന്നിവരാണ് ക്രീസില്‍. നിലവില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ ആയ 338 റണ്‍സിന് 242 റണ്‍സ് അകലെയാണ് ഇന്ത്യ.
ഓസീസ് ബൗളര്‍മാര്‍ക്കെതിരെ അനായാസം ബാറ്റ് ചെയ്ത രോഹിത്- ഗില്‍ സഖ്യം 70 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കൂട്ടുകെട്ടുയര്‍ത്തി. ഗില്‍ ആയിരുന്നു കൂടുതല്‍ മികച്ചു നിന്നത്. ജോഷ് ഹേസല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഓസീസിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 26 റണ്‍സെടുത്ത രോഹിതിനെ സ്വന്തം ബൗളിംഗില്‍ ഹേസല്‍വുഡ് പിടികൂടുകയായിരുന്നു. പങ്കാളിയെ നഷ്ടമായിട്ടും പതറാതെ ബാറ്റിംഗ് തുടര്‍ന്ന ഗില്‍ ഒടുവില്‍ കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് തൊട്ടുപിന്നാലെ പാറ്റ് കമ്മിന്‍സ് യുവതാരത്തെ കാമറൂണ്‍ ഗ്രീനിന്റെ കൈകളില്‍ എത്തിച്ചു. 50 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൂജാരയും രഹാനെയും വളരെ സാവധാനത്തിലാണ് സ്‌കോര്‍ ചെയ്തതെങ്കിലും വിക്കറ്റ് സംരക്ഷിച്ച് കളിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 338 റണ്‍സ് എടുത്താണ് ഓസ്‌ട്രേലിയ പുറത്തായത്. 131 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. മാര്‍നസ് ലെബുഷെയ്ന്‍ (91), വില്‍ പുകോവ്‌സ്‌കി (62) എന്നിവരും ഓസീസിനായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി.