കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണങ്ങള്‍ ഐജി അന്വേഷിക്കും. ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.
കേസില്‍ പൊലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ എന്‍ സുനന്ദ രംഗത്തെത്തിയിരുന്നു. എഫ്ഐആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വീഴ്ചയാണെന്നായിരുന്നു സുനന്ദയുടെ ആരോപണം. കേസെടുക്കാന്‍ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞിരുന്നു. പൊലീസിനെതിരെ പരാതി നല്‍കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.
കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകന്‍ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരന്‍ അമ്മയ്‌ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു. അമ്മയെ ജയിലിലാക്കുമെന്ന് പിതാവ് പറഞ്ഞിരുന്നതായും കുട്ടി പറഞ്ഞു. മകള്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി യുവതിയുടെ മാതാവും രംഗത്തെത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു. സംഭവത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.