കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദര്‍ശനം തിരുവനന്തപുരത്തു സമാപിച്ചു. ചലച്ചിത്ര മേള ഫെബ്രുവരി 17 മുതല്‍ എറണാകുളത്ത് ആരംഭിക്കും. ഡെലിഗേറ്റുകള്‍ക്കും സംഘാടകര്‍ക്കും കൊവിഡ് പരിശോധന, തീയറ്ററിനുള്ളില്‍ പകുതി പേര്‍ക്ക് മാത്രം പ്രവേശനം, പൂര്‍ണമായും റിസര്‍വേഷന്‍ സൗകര്യം, വിദേശ അതിഥികളെല്ലാം ഓണ്‍ലൈനില്‍. ഇങ്ങനെ കൊവിഡ് കാലത്ത് വലിയ പരിമിതിക്കുള്ളിലാണ് മേള സംഘടിപ്പിച്ചത്. 2500 ഡെലിഗേറ്റുകള്‍ക്ക് പ്രവേശനം അനുവദിച്ചു 5 ദിവസങ്ങളില്‍ മേള സംഘടിപ്പിച്ചു.
കൊവിഡ് സാഹചര്യത്തിലും ഡെലിഗേറ്റുകളുടെ സഹകരണത്താല്‍ തിരുവനന്തപുരത്തെ മേള പൂര്‍ണ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
നൂറു ശതമാനവും റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ചില സിനിമ കാണാന്‍ കഴിയാതെ വന്നതോടെയുണ്ടായ ചെറിയ ചില വിയോജിപ്പുകളും മേളയില്‍ ഉയര്‍ന്നിരുന്നു. പരിമിതിക്കുള്ളിലും സിനിമ കാണാന്‍ പരമാവധി അവസരം ഒരുക്കിയിരുന്നുവെന്നാണ് അക്കാദമിയുടെ നിലപാട്.
17 മുതല്‍ എറണാകുളം മേഖലയിലെ മേള ആരംഭിക്കും. വലിയ തീയറ്ററുകളായതിനാല്‍ എറണാകുളത്തു കൂടുതല്‍ ഡെലിഗേറ്റുകള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ കഴിയും
തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും മേള സംഘടിപ്പിക്കും. പാലക്കാട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മേളയിലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.