നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്. ആവേശ്വോജ്ജല സ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകരും ഇരുവര്‍ക്കും ഒരുക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പിഷാരടിയെ സ്വീകരിച്ചു. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്ന് രമേഷ് പിഷാരടി പറഞ്ഞു.
ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഭയപ്പാട് ഇല്ലാതെ സമീപിക്കാവുന്ന നേതാക്കളാണ് പാര്‍ട്ടിയിലുള്ളത്. മുന്നോട്ടുള്ള യാത്രയില്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടാകും. കേരളത്തില്‍ കോണ്‍ഗ്രസിന്റെ വിജയം അനിവാര്യമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം താന്‍ ചെറുപ്പം മുതല്‍ കണ്ടുവരുന്ന അനിഷേധ്യ നേതാക്കളാണ്. അവരോടൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുക എന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമുണ്ടെന്നും ധര്‍മജന്‍ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം.