കോഴിക്കോട് കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ ഷഹീറാണ് ഭാര്യ മുഹ്സിലയെ കഴുത്തറുത്ത് കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇയാളെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ ഷഹീറിന്റെ മുറിയില്‍ നിന്ന് വലിയ ശബ്ദം കേട്ടാണ് മാതാപിതാക്കള്‍ ഉണരുന്നത്. വാതില്‍ തുറക്കാന്‍ ഷഹീര്‍ കൂട്ടാക്കാതായതോടെ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇതോടെ ഷഹീര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടി. ബന്ധുക്കള്‍ മുറിയുടെ അകത്തേക്ക് കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തില്‍ കുളിച്ച് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ പിടികൂടി. പിന്നീട് മുക്കം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ഷഹീറും മുഹ്സിലയും വിവാഹിതരായത്. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞ ദിവസമാണ് മുഹ്സില സ്വന്തം വീട്ടില്‍ നിന്ന് പഴംപറമ്പിലെ ഭര്‍തൃ വീട്ടിലെത്തിയത്.