മലപ്പുറത്തെ സ്‌കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലുമാണ് രോഗ വ്യാപനം. രണ്ട് സ്‌കൂളുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി അടച്ചു. ഇരു സ്‌കൂളുകളിലെയും അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 262 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യം കണക്കില്‍ എടുത്ത് പൊന്നാനിയില്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
രോഗവ്യാപനം കണക്കിലെടുത്ത് പൊന്നാനി താലൂക്കിലെ മുഴുവന്‍ ടര്‍ഫുകളും അടക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍ എത്തിയ താലൂക്കിലെ ട്യൂഷന്‍ സെന്ററുകളില്‍ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. താലൂക്ക് പരിധിയില്‍ ഗുരുതര സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും മറ്റ് കുട്ടികള്‍ക്ക് രോഗം പകരാതിരിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ പറഞ്ഞു.
രണ്ട് സ്‌കൂളിലും കഴിഞ്ഞ 25 മുതലാണ് ക്ലാസ് ആരംഭിച്ചത്. നിലവില്‍ കൊവിഡ് പോസിറ്റീവായവരോടും അവരുമായി സമ്പര്‍ക്കമുള്ളവരോടും ഹോം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇരു സ്‌കൂളുകളിലെയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെയും മറ്റു ജീവനക്കാരെയും നാളെ മുതല്‍ പരിശോധനക്ക് വിധേയമാക്കും.