ഡല്‍ഹി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്തിനാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന് പോലും അറിയില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. കര്‍ഷക സമരത്തിനു പിന്നില്‍ മറ്റാരൊക്കെയോ ആണെന്നും അവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹേമ മാലിനി പറഞ്ഞു. അതേസമയം, സുപ്രിം കോടതി കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്തതിനെ ഹേമ മാലിനി അനുകൂലിച്ചു.
”കര്‍ഷക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തത് നന്നായി. അതുകൊണ്ട് തന്നെ സ്ഥിതി ഒന്നു ശാന്തമാവും. പലവട്ടം ചര്‍ച്ച നടത്തിയിട്ടും സമവായത്തില്‍ എത്താന്‍ കര്‍ഷകര്‍ സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്തിനെന്ന് അറിയാത്ത സമരമാണ് അവരുടേത്. എന്താണ് വേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. കര്‍ഷക നിയമങ്ങളുടെ പ്രശ്നം എന്താണെന്ന് അവര്‍ പറയുന്നുമില്ല. ആരോ പറഞ്ഞത് അനുസരിച്ചാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നാണ് ഇതിനര്‍ഥം.” ഹേമ മാലിനി പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ചയും സമരവുമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയാണ്. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാരുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. സുപ്രിംകോടതിയുടെ സമിതിയുമായി സഹകരിക്കില്ല.