സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചാണ് തടഞ്ഞത്. ഹര്‍ജി വീണ്ടും ഈ മാസം 15ന് പരിഗണിക്കും. കോടതി വിധി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ സമയം ഇതിന് ആവശ്യമാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോതമംഗലം പള്ളി സിആര്‍പിഎഫ് ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ കേന്ദ്രം നിലപാടറിയിച്ചു. പള്ളി തര്‍ക്കം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസര്‍ക്കാരിനെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നുമായിരുന്നു എഎസ്ജി കോടതിയെ അറിയിച്ചത്.
പ്രശ്ന പരിഹാരത്തിനായി ഇരുവിഭാഗത്തിന്റെയും വിശ്വാസം നേടാന്‍ സംസ്ഥാന സര്‍ക്കാരിനായില്ലെന്ന് കേന്ദ്രം പറഞ്ഞു. പ്രധാനമന്ത്രി മുന്‍കൈയ്യെടുത്ത് ഇരുകൂട്ടരുമായും ചര്‍ച്ച നടത്തുന്നുണ്ട്. സംസ്ഥാനം സഹായം ആവശ്യപ്പെട്ടാല്‍ കേന്ദ്രം പരിഗണിക്കുമെന്നും എഎസ്ജി അറിയിച്ചു.