കാക്കനാട് : കേന്ദ്രീകൃതമായ വലിയ വികസനങ്ങൾക്ക് ഊന്നൽ നൽകിയുള്ള തയ്യാറെടുപ്പുകളാവണം വികസന ചർച്ചകളിൽ ഉണ്ടാവേണ്ടതെന്ന് പിടി തോമസ് എംഎൽഎ പറഞ്ഞു. ജനകീയാസൂത്രണം 2021-22 ല്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പദ്ധതി പുരോഗതിയുടെ ഭാഗമായി ചേര്‍ന്ന ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തതയുള്ള പദ്ധതികൾക്കേ നാടിന്റെ വികസനപ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രധാന ജലസ്രോതസുകളായ പെരിയാർ, മൂവാറ്റുപുഴയാർ , ചാലക്കുട്ടി പുഴ എന്നിവയുടെ പുനരുദ്ധാരണത്തിനും കടമ്പ്രയാറിനെ മാലിന്യവിമുക്തമാക്കുന്നതിനും റിവർ അതോറിട്ടികൾ രൂപികരിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.ജെ. ജോമി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ജി. ഡോണോ മാസ്റ്റര്‍, എറണാകുളം ജില്ലാപഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് , ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അബ്ദുൾ റഷീദ്, കബീർ പി ഹാറൂൺ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ഉപാധ്യക്ഷന്‍മാര്‍, കണ്‍വീനര്‍മാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.