മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പള കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചു വിവിധ സമര പരിപാടികള്‍ നടത്തുവാന്‍ കെജിഎംസിടിഎ സംസ്ഥാന സമിതി തീരുമാനിച്ചു. മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും ശമ്പള കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ട് പോകുന്നു. ഇതുവരെ അലവന്‍സ് പരിഷ്‌കരണത്തോട് കൂടെയുള്ള ശമ്പളകുടിശ്ശിക എന്നു നല്‍കുമെന്നു പോലും പറഞ്ഞിട്ടില്ല. സംസ്ഥാനതലത്തിലും ആഗോള തലത്തിലും സര്‍ക്കാരിന്റെ അഭിമാനം ഉയര്‍ത്തിയ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോടുള്ള വഞ്ചനാപരമായ സമീപനമാണിത്.
സ്വന്തം ജീവന്‍പോലും തൃണവത്ഗണിച്ചു സര്‍ക്കാരിനും, ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ ഇത്തരത്തില്‍ അവഗണിച്ചതിനെതിരെ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായ പ്രതിഷേധം അറിയിച്ചു.
ഉടനടി ഈ കാര്യങ്ങളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ താഴെ പറയുന്ന പ്രതിഷേധ സമരത്തിലേക്ക് കടക്കുമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമായിരിക്കും നടപ്പിലാക്കുക.
1) 2021 ജനുവരി 25ന് എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്‍പിലും ഡിഎംഇ ഓഫീസിന്റെ മുന്‍പിലും രാവിലെ 11 മണിക്ക് പ്രതിഷേധധര്‍ണ നടത്തുവാന്‍ തീരുമാനിച്ചു. രോഗി പരിചരണവും അധ്യാപനവും ബാധിക്കില്ല.
2) 2021 ജനുവരി 29ന് രാവിലെ 8 മണിമുതല്‍ 11 മണിവരെ 3 മണിക്കൂര്‍, സൂചന പണിമുടക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും നടത്തുവാന്‍ തീരുമാനിച്ചു.
സൂചന പണിമുടക്ക് സമയത്തില്‍ ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാല്‍ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ സി യൂ, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍, എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
3) 2021 ജനുവരി 29 മുതല്‍, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ എല്ലാ നോണ്‍ കോവിഡ് മീറ്റിങ്ങുകള്‍, ബോര്‍ഡ് മീറ്റിംഗുകള്‍, അക്കാഡമിക് ഡ്യൂട്ടികള്‍, വി ഐ പി ഡ്യൂട്ടികള്‍, പേ വാര്‍ഡ് അഡ്മിഷന്‍ എന്നിവ ബഹിഷ്‌കരിക്കും.
4) 2021 ഫെബ്രുവരി 5ന് എല്ലാ മെഡിക്കല്‍ കോളേജുകളിലും 24 മണിക്കൂര്‍ റിലേ നിരാഹാരസമരം ( 12 മണിക്കൂര്‍ വീതം ) നടത്തുവാന്‍ തീരുമാനിച്ചു.
5) 2021 ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാലസമരം നടത്തുവാന്‍ തീരുമാനിച്ചു .
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ആവശ്യങ്ങള്‍ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.