മൂവാറ്റുപുഴ: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമര ഐക്യ പ്രസ്ഥാനങ്ങളായ സമര സമിതിയും ആക്ഷന്‍ കൗണ്‍സിലും സംയുക്തമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രാദേശിക കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. മൂവാറ്റുപുഴയില്‍ എ.ഐ,വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. അരുണ്‍ ജാഥ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം വി. എം.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.
ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, വര്‍ഗ്ഗീയതയെ ചെറുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, പി.എഫ്.ആര്‍.ഡി.എ നിയമനം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക, കേന്ദ്രസര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങളിലെ കരാര്‍- കാഷ്വല്‍ നിയമങ്ങള്‍ അവസാനിപ്പിക്കുക, ഒഴിവുകള്‍ നികത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബുധനാഴ്ച മുതല്‍ ഈ മാസം 12 വരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സമര സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് പ്രദേശീക കാല്‍നട ജാഥകള്‍ നടക്കുന്നത്.
സി.കെ.സതീശന്‍ ക്യാപ്റ്റനും ആനി ജോര്‍ജ് വൈസ് ക്യാപ്റ്റനും എന്‍.വി. ജയകുമാര്‍ മനേജറുമായ ഒന്നാം ജാഥ വ്യാഴാഴ്ച രാവിലെ 10-ന് പുളിഞ്ചുവട് കവലയില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ജംഗ്ഷനില്‍ സമാപിക്കും. കെ.എസ്. ബിജോയ് ക്യാപ്റ്റനും എസ്.ഉദയന്‍ വൈസ് ക്യാപ്റ്റനും ടി.പി.പത്രോസ് മനേജറുമായ രണ്ടാം ജാഥ വ്യാഴാഴ്ച രാവിലെ 9.30ന് മാറാടി പഞ്ചായത്ത് പടിയില്‍ നിന്നും ആരംഭിച്ച് വാളകത്ത് സമാപിക്കും. ഡോ.ബി. വിനയന്‍ ക്യാപ്റ്റനും കെ.കെ. ശ്രീജേഷ് വൈസ് ക്യാപ്റ്റനും കെ.കെ. പുഷ്പ മാനേജറുമായ മൂന്നാമത്തെ ജാഥ വ്യാഴാഴ്ച രാവിലെ 9.30ന് അഞ്ചല്‍ പെട്ടിയില്‍ നിന്നും ആരംഭിച്ച് വൈകിട്ട് കല്ലൂര്‍ക്കാട് ടൗണില്‍ സമാപിക്കും.
നാളെ ഒന്നാമത്തെ ജാഥ രാവിലെ 9.30ന് മുളവൂര്‍ പി.ഒ. ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് വൈകിട്ട് പായിപ്ര കവലയില്‍ സമാപിക്കും. രണ്ടാമത്തെ ജാഥ രാവിലെ 9.30ന് ആറൂരില്‍ നിന്നും ആരംഭിച്ച് വൈകിട്ട് പാലക്കുഴയില്‍ സമാപിക്കും. മൂന്നാമത്തെ ജാഥ മടക്കാത്താനത്ത് നിന്നും ആരംഭിച്ച് വൈകിട്ട് അടൂപറമ്പില്‍ സമാപിക്കും.
ജാഥ ഉദ്ഘാടന ചടങ്ങില്‍ ചെത്തുതൊഴിലാളി യൂണിയന്‍ സിഐറ്റിയു ഏരിയ പ്രസിഡന്റ് എം.ആര്‍. പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ഉദയന്‍ സ്വാഗതവും കെ.എസ്.ടി.എ മേഖല പ്രസിഡന്റ് ബെന്നി തോമസ് നന്ദിയും പറഞ്ഞു.