ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിലൂടെ സര്‍ക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് നിറവേറ്റപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരവധി തടസ്സങ്ങള്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ട അവസ്ഥയിലായിരുന്നു 2014 സെപ്റ്റംബറില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി. പദ്ധതി സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കും എന്നത് സര്‍ക്കാരിന്റെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ജനങ്ങളുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തടസ്സങ്ങള്‍ നീക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഗെയിലും സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഒപ്പം നിന്നു. ഈ സംയുക്ത ശ്രമം വിജയിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവിത ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ഈ പദ്ധതി പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്ന ബോധ്യത്തോടെ ജനങ്ങളും സര്‍ക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ ഇച്ഛയോട് ചേര്‍ന്നുനില്‍ക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ശ്രമിച്ചത്.
കൊച്ചി മംഗളൂരു പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ സംസ്ഥാനത്തിന് പ്രകൃതിവാതകം ലഭിക്കാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്. 450 കിലോമീറ്റര്‍ നീളമുള്ള കൊച്ചി – മാംഗ്ലൂര്‍ പൈപ്പ്‌ലൈനിന്റെ 414 കിലോമീറ്ററും കേരളത്തിലൂടെ ആണ് കടന്നു പോകുന്നത്. ഇതിന്റെ പവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കൂറ്റനാട് മുതല്‍ കോയമ്പത്തൂര്‍ വരെ 99 കിലോമീറ്റര്‍ നീളുന്ന പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇതും ഉടനെ പൂര്‍ത്തിയാക്കും. വന്‍കിട വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ചെറിയ അസൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാവുക സ്വാഭാവികമാണ്. ഈ അസൗകര്യങ്ങള്‍ മറന്ന്, പദ്ധതി പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു.
തിരക്കേറിയ ജനവാസ മേഖലകള്‍, മലയോര പ്രദേശങ്ങള്‍, ജലാശയങ്ങള്‍ എന്നിവയിലൂടെയെല്ലാം പൈപ്പ്‌ലൈന്‍ വലിക്കുന്നത് ഏറെ ദുഷ്‌കരമായിരുന്നു ജില്ലാ ഭരണകൂടങ്ങളും വിവിധ വകുപ്പുകളും പോലീസും സംയുക്തമായി ചേര്‍ന്ന് ഇത്തരം തടസ്സങ്ങള്‍ മറികടന്നു. 2018ലെ പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളേയും മറികടന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്. സിറ്റി ഗ്യാസ് വിതരണം യാഥാര്‍ത്ഥ്യമാവുന്നതോടെ ഗാര്‍ഹികാവശ്യത്തിനുള്ള പ്രകൃതി വാതക ലഭ്യത ഉറപ്പു വരുത്താനാകും. എഫ്.എ.സി.ടി, പെട്രോ കെമിക്കല്‍ പാര്‍ക്ക് എന്നിവയുടെ വികസനത്തിനും ഈ പദ്ധതി വഴിയൊരുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.