പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം തുടക്കമിട്ട ഡിജിറ്റല്‍ ക്ലാസുകള്‍ ഇതുവരെ സംപ്രേഷണം ചെയ്തത് 3100 മണിക്കൂര്‍ നീണ്ട 6200 എപ്പിസോഡ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനമായാണ് ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്.
പൊതുവിഭാഗത്തിനു പുറമെ തമിഴ്, കന്നട മീഡിയം ക്ലാസുകളും ഉള്‍പ്പെടെ അക്കാദമിക് വര്‍ഷത്തിനകത്തുതന്നെ സംപ്രേഷണം പൂര്‍ത്തിയാക്കി. അക്കാദമിക് ഉള്ളടക്കം തയ്യാറാക്കുന്നതിനും അവതരണത്തിനുമായി 10,000 അധ്യാപകരുടെ സേവനമാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള സംപ്രേഷണത്തിനായി ഉപയോഗപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നല്‍കിയ ഊര്‍ജവും സ്‌കൂളുകള്‍ ഹൈടെക്കായ പരിസരവും ഒപ്പം കൈറ്റ്, എസ്സിഇആര്‍ടി, എസ്എസ്‌കെ, എസ്‌ഐഇടി തുടങ്ങിയ മൊത്തം ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനവും ഈ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് കരുത്തു പകര്‍ന്നു.
ജനുവരി 17ന് പത്താംക്ലാസും ജനുവരി 30ന് പ്ലസ് ടുവും ക്ലാസുകള്‍ പൂര്‍ണമാകുമ്പോള്‍ സീറോ അക്കാദമിക് വര്‍ഷമോ കാലതാമസമോ ഇല്ലാതെ മാര്‍ച്ച് 17ന് പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനൊരുങ്ങുകയാണ് 10 ലക്ഷത്തോളം വിദ്യാര്‍ഥികള്‍. ജൂണ്‍ ഒന്നിന് താത്കാലികമായാണ് ഫസ്റ്റ് ബില്‍ തുടങ്ങിയതെങ്കിലും പിന്നീട് അക്കാദമിക വര്‍ഷം മുഴുവന്‍ നേടുന്നത് സമാനതകളില്ലാത്ത പദ്ധതിയായി ഫസ്റ്റ് ബെല്ലിനെ മാറ്റാനായെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.
വിക്ടേഴ്‌സിന്റെ യു ട്യൂബ് ചാനലില്‍ വരിക്കാര്‍ 24 ലക്ഷം കവിഞ്ഞു. 140 രാജ്യത്തു നിന്നായി പ്രതിദിനം 27 ടിബി വരെ ഡൗണ്‍ലോഡ് വിക്ടേഴ്‌സ് ലൈവ് പോര്‍ട്ടലിന് ഉണ്ടായി. എല്ലാ ക്ലാസും ഒരു കുടക്കീഴില്‍ തൂക്കുന്ന firstbell.kite.kerala.gov.in പോര്‍ട്ടല്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഏറെ സൗകര്യപ്രദമായി.
പൊതുപരീക്ഷയ്ക്കുള്ള ക്ലാസുകള്‍ പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് പ്രയോജനപ്പെടും വിധമുള്ള റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച ആരംഭിച്ചു.