റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമോയെന്നതില്‍ തീരുമാനമെടുക്കാനുള്ള അധികാരം പൊലീസിനെന്ന് സുപ്രീംകോടതി. സമരക്കാരെ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കാന്‍ കോടതി വിസമ്മതിച്ചു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജികള്‍ മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
ഈ മാസം ഇരുപത്തിയാറിന് രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന അതേസമയത്ത് കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ മാര്‍ച്ചിന് സുപ്രീംകോടതിയെക്കൊണ്ട് തടയിടാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം വിജയം കണ്ടില്ല. കര്‍ഷകരെ ഡല്‍ഹിക്കകത്ത് പ്രവേശിപ്പിക്കണമോ വേണ്ടയോ, പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ എത്രപേരെ, ഏതൊക്കെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തുടങ്ങിയവയൊക്കെ തീരുമാനിക്കാനുള്ള പ്രഥമ അധികാരം ഡല്‍ഹി പൊലീസിനാണെന്ന് കോടതി വ്യക്തമാക്കി. അസാധാരണമായ സാഹചര്യമാണെന്നും, കര്‍ഷകസമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി ഏറ്റെടുത്ത സാഹചര്യത്തില്‍ മാര്‍ച്ച് തടഞ്ഞ് ഉത്തരവായി ഇറക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളില്‍ നിയമപരമായ നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് ഉത്തരവായി ഇറക്കേണ്ട ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. സമരവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കോടതി ഏറ്റെടുത്തിട്ടില്ല. കോടതിയിടപെടലുകള്‍ വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.
സുപ്രീംകോടതി ചര്‍ച്ചക്കായി നിയോഗിച്ച സമിതിയില്‍ നിന്ന് ഒരംഗം കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. പുതിയൊരാളെ ഉള്‍പ്പെടുത്തി സമിതിയെ പുന:സംഘടിപ്പിക്കുന്നതില്‍ ഉള്‍പ്പെടേ മറ്റന്നാള്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ച് കോടതി ഹര്‍ജികള്‍ മാറ്റിവച്ചു.