എറണാകുളം: ഏത്തകായക്ക് താങ്ങുവില ലഭിക്കണമെന്നാവശ്യവുമായി കര്‍ഷകന്‍ സാന്ത്വന സ്പര്‍ശത്തില്‍. അപേക്ഷ സ്വീകരിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉടന്‍ പരിഹാരം കാണാന്‍ ജില്ലാ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കുന്നുകര തെക്കന്‍ വീട്ടില്‍ ജോഷിയാണ് സങ്കടവുമായി മന്ത്രിയുടെ മുമ്പിലെത്തിയത്. വര്‍ഷങ്ങളായി കൃഷിയെ ഉപജീവന മാര്‍ഗമാക്കിയതാണ് ജോഷി. പലപ്പോഴും കാലാവസ്ഥ ചതിച്ചാല്‍ നഷ്ടം സംഭവിക്കാറുമുണ്ട്. കര്‍ഷകര്‍ക്കാശ്വാസമായി സര്‍ക്കാര്‍ വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചത് അനുഗ്രഹമായെന്ന് ജോഷി പറയുന്നു. ചാലാക്ക വി.എഫ്.പി.സി.കെ മാര്‍ക്കറ്റിലാണ് ഏഞ്ഞക്കായ വില്‍പനക്കായി നല്‍കുന്നത്. എന്നാല്‍ താങ്ങുവില ലഭിക്കുന്നതിനുള്ള നടപടികള്‍ക്കായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്‌തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം രജിസ്‌ട്രേഷന്‍ റദ്ധായി.
ഏകദേശം 5 ടണ്‍ ഏത്തക്കായയാണ് മാര്‍ക്കറ്റില്‍ കൊടുത്തിട്ടുള്ളത്. അപേക്ഷയിലെ സാങ്കേതിക പ്രശ്‌നം പരിഹരിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് ജോഷി സാന്ത്വന സ്പര്‍ശത്തിലെത്തിയത്. ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് കൃഷിമന്ത്രി ജോഷിക്ക് വേദിയില്‍ ഉറപ്പു നല്‍കി. സാന്ത്വന സ്പര്‍ശത്തിന്റെ ആശ്വാസമായാണ് ജോഷി മടങ്ങിയത്.