കര്‍ഷക സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കായിക താരങ്ങളും സിനിമാ പ്രവര്‍ത്തകരും. സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്വാളും അക്ഷയ് കുമാറും അജയ് ദേവ്ഗണും അടക്കമുള്ള ബോളിവുഡ് സിനിമാ പ്രവര്‍ത്തകരുമൊക്കെ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യ ടുഗദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രോപ്പഗണ്ട എന്നീ ഹാഷ്ടാഗുകള്‍ അടക്കമാണ് ട്വീറ്റ്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്‌ന, അനില്‍ കുംബ്ലെ, പ്രഗ്യാന്‍ ഓജ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് റ്റീം പരിശീലകന്‍ രവി ശാസ്ത്രിയും വിഷയത്തില്‍ കേന്ദ്രത്തെ പ്രതിരോധിച്ചു. കോലി, രഹാനെ, ഹര്‍ദ്ദിക്, രോഹിത് എന്നിവര്‍ ഇന്ത്യ ടുഗദര്‍ എന്ന ഹാഷ്ടാഗ് മാത്രമാണ് ഉപയോഗിച്ചത്. മറ്റുള്ളവര്‍ രണ്ട് ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്. കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പരിഹാരം കാണാന്‍ ഇന്ത്യക്ക് അറിയാമെന്നുമാണ് ട്വീറ്റുകളുടെ സാരാംശം. പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട എന്നും ട്വീറ്റുകളില്‍ സൂചിപ്പിക്കുന്നു.
അതേസമയം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നു തുടങ്ങി. ഇന്ത്യയുടെ കാര്യം നോക്കാന്‍ ഇന്ത്യക്ക് അറിയാമെന്നും പുറത്ത് നിന്നുള്ളവര്‍ ഇടപെടണ്ടെന്നും വിധമുള്ള പ്രസ്താവനകള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും സജീവമായത്.
അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, കൈലാഷ് ഖേര്‍, കരണ്‍ ജോഹര്‍, ലതാ മങ്കേഷ്‌കര്‍ തുടങ്ങി അഭിനേതാക്കളും സംവിധായകരും ഗായകരും അടങ്ങുന്ന ബോളിവുഡ് സിനിമാ പ്രവര്‍ത്തകരാണ് കേന്ദ്രത്തെ പ്രതിരോധിച്ച് ട്വീറ്റ് ചെയ്ത മറ്റു പ്രമുഖര്‍.
പോപ് ഗായിക റിഹാനയാണ് രാജ്യാന്തര തലത്തില്‍ ആദ്യമായി കര്‍ഷക സമരങ്ങളെപ്പറ്റി ട്വീറ്റ് ചെയ്തത്. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, മുന്‍ പോണ്‍ താരം മിയ ഖലീഫ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ്, അമേരിക്കന്‍ വ്‌ലോഗര്‍ അലാന്‍ഡ കെര്‍ണി, യൂട്യൂബര്‍ ലിലി സിംഗ് തുടങ്ങിയവര്‍ പിന്നീട് കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു.