റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകള്‍. സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാറുമായി ചര്‍ച്ച നടത്തില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനാ നേതാക്കള്‍. ഒക്ടോബര്‍ രണ്ട് വരെ അതിര്‍ത്തികളിലെ സമരം തുടരും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധ സമരം അവസാനിച്ചതിന് പിന്നാലെയാണ് സമ്മര്‍ദത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചക്കില്ലെന്ന് കര്‍ഷക നേതാവ് രാജേഷ് തികത്ത് പ്രതികരിച്ചത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സമവായമുണ്ടാക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രമം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് നിലപാട് കടുപ്പിച്ച് കര്‍ഷകര്‍ രംഗത്തെത്തിയത്.
ഒക്ടോബര്‍ രണ്ട് വരെ അതിര്‍ത്തികളില്‍ ഇതേ രീതിയില്‍ തന്നെ സമരം തുടരും. തുടര്‍ സമരത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും രാജേഷ് തികത്ത് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വിലക്കുകള്‍ മറികടന്ന് കൂടുതല്‍ മഹാപഞ്ചായത്തുകള്‍ വിളിച്ചുചേര്‍ക്കാനാണ് കര്‍ഷകരുടെ ആലോചന.
അതിനിടെ കര്‍ഷക വിഷയത്തില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നത് തുടരുകയാണ്. ഇതൊഴിവാക്കാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. നാളെ രണ്ട് മണിക്ക് യോഗം നടക്കും. വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം അംഗീകരിച്ചേക്കും.