കര്‍ഷക പ്രക്ഷോഭത്തിലെ തുടര്‍ സമര പരിപാടികളും കേന്ദ്രബജറ്റും ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നു. സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസിലാണ് യോഗം. ട്രാക്ടര്‍ പരേഡിന് ശേഷം നൂറില്‍പരം കര്‍ഷകരെ കുറിച്ച് വിവരങ്ങളില്ലെന്ന വിഷയവും ചര്‍ച്ച ചെയ്യും.
പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നിലധികം ദിവസം നീളുന്ന ഭാരത് ബന്ദ് പ്രഖ്യാപിക്കുന്നത് അടക്കം സമരരൂപങ്ങളാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചയും യോഗത്തില്‍ ഉയരും. സമരകേന്ദ്രങ്ങളില്‍ വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉടന്‍ പുനഃസ്ഥാപിക്കണം, ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്തിക്കൊണ്ടുള്ള കേസുകള്‍ എടുത്തത് പിന്‍വലിക്കണം തുടങ്ങിയ ഉപാധികള്‍ സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നു.
അതേസമയം, ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പ്രധാന പാതകള്‍ പൊലീസ് പൂര്‍ണമായും സീല്‍ ചെയ്തു. തിക്രിയില്‍ റോഡുകളില്‍ ഇരുമ്പാണി തറച്ചു. പ്രക്ഷോഭകരുടെ ട്രാക്ടറുകളും വാഹനങ്ങളും തടയുന്നതിനാണ് നടപടി. ബാരിക്കേഡുകള്‍, മുള്ളുവേലി, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവയ്ക്ക് പുറമേ റോഡുകളില്‍ കിടങ്ങുകളും തീര്‍ത്തു. കര്‍ഷക സമരം ചൂണ്ടിക്കാട്ടി ഡല്‍ഹി നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസ് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടത് വന്‍ഗതാഗത കുരുക്കിനിടയാക്കി.