കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് റിവേഴ്സ് ഗിയറില്‍ വണ്ടിയോടിച്ചെത്തി കര്‍ഷകന്‍. പഞ്ചാബിലെ ബര്‍ണാലയില്‍ നിന്നാണ് ഗുര്‍ചരണ്‍ സിങ് എന്ന കര്‍ഷകര്‍ യാത്രയാരംഭിച്ചത്. അഞ്ചു ദിനങ്ങളിലായി 350 കിലോമീറ്ററാണ് ഇയാള്‍ പിന്നിട്ടത്.
‘യാത്രയില്‍ മറ്റു ഡ്രൈവര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയിരുന്നു. കൂടുതല്‍ ഡീസല്‍ ചെലവായി. വാഹനത്തിന്റെ ക്ലച്ചും ബ്രേക്കും കൂടുതല്‍ ഉപയോഗിക്കേണ്ടി വന്നു. കഴുത്തും കാലും ദിവസങ്ങള്‍ വേദനയെടുത്തു. എന്നാല്‍ അതൊന്നും പ്രശ്നമായില്ല. നിയമം പിന്‍വലിക്കണം എന്ന സന്ദേശം സര്‍ക്കാറിന് നല്‍കാനാണ് ആഗ്രഹിച്ചത്’ – ഗുര്‍ചരണ്‍ പറഞ്ഞു.
അതിനിടെ, റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കര്‍ഷകര്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തും. രാജ്പഥിലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് ശേഷമാകും കര്‍ഷകരുടെ പരേഡ്. ആയിരക്കണക്കിന് ട്രാക്ടറുകളാണ് പരേഡിനായി പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലെത്തിയിട്ടുള്ളത്.
സുരക്ഷാ മുന്‍കരുതലുടെ ഭാഗമായി കൂടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം ട്രാക്ടറുകള്‍ നിരത്തിലിറങ്ങും എന്നാണ് കരുതപ്പെടുന്നത്.