സംസ്ഥാനത്ത് ഇഎസ്ഐ കോര്‍പറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആശുപത്രികളില്‍ ഗുണഭോക്താക്കള്‍ക്ക് വിദഗ്ധചികിത്സയും മരുന്നും നിഷേധിക്കപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വറിന് കത്തയച്ചു.
ഇഎസ്ഐ കോര്‍പറേഷന്റെ കീഴിലുള്ള കൊല്ലം ആശ്രാമം മോഡല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, എഴുകോണ്‍ ആശുപത്രി, എറണാകുളം ഉദ്യോഗമണ്ഡല്‍ ആശുപത്രി എന്നിവിടങ്ങളില്‍ മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഇല്ലെന്ന് തുടര്‍ച്ചയായി പരാതി ഉയരുകയാണ്. ഈ മൂന്ന് ആശുപത്രികളും കോര്‍പറേഷന്‍ ഏറ്റെടുത്ത് ഒരു ദശാബ്ദത്തിലേറെ ആയെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലും ചികിത്സാ സംവിധാനങ്ങളിലും പറയത്തക്ക ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ഗുണഭോക്താക്കള്‍ക്ക് പരാതിയുണ്ട്.
ആശ്രാമം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഇഎസ്ഐ കോര്‍പറേഷന്‍ പിപിപി മാതൃകയില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്ത സ്വകാര്യ ഏജന്‍സിയില്‍ നിന്ന് ആവശ്യമായ ഒരു സേവനവും ലഭിക്കുന്നില്ലെന്ന് തൊഴിലാളികളും തൊഴിലുടമകളും തൊഴിലാളി സംഘടനകളും നിരന്തരം പരാതി ഉന്നയിച്ചുവരികയാണ്. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അഭാവമുണ്ട്. ഗുണഭോക്താക്കള്‍ക്ക് ആവശ്യമുള്ള മരുന്നുകളും ആശുപത്രിയില്‍ നിന്ന് നല്‍കുന്നില്ല.
ആശ്രാമം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയെ ആശ്രയിക്കുന്ന ഇഎസ്ഐ ഗുണഭോക്താക്കള്‍ കടുത്ത പ്രയാസമാണ് നേരിടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ആശ്രാമം ആശുപത്രിയിലും എഴുകോണ്‍, ഉദ്യോഗമണ്ഡല്‍ ആശുപത്രികളിലും ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും മരുന്നും ഉറപ്പുവരുത്താന്‍ ഇഎസ്ഐ കോര്‍പറേഷന് നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.