എര്‍ണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയെ സംബന്ധിച്ച് ഉണ്ടായ വിവാദങ്ങളില്‍ വഴിത്തിരിവ്. അതിരൂപത വില്‍പ്പന നടത്തിയ അഞ്ച് ഭൂമികളില്‍ ഒന്നായ നൈപുണ്യ സ്കൂളിന് എതിര്‍വശമുള്ള സ്ഥലത്തിന് വ്യാജ പട്ടയമുണ്ടാക്കി വില്‍പ്പന നടത്തി എന്ന പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തി വരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ വിവാദമായ പട്ടയം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.
ഈ ഭൂമി 1927 -ല്‍ അതിരൂപതക്ക് വേണ്ടി മാര്‍ ആഗസ്തീനോസ് കണ്ടത്തില്‍ മെത്രാന്റെ പേരില്‍ മൂന്ന് പ്രമാണങ്ങള്‍ പ്രകാരം ഉടമസ്ഥാവകാശം ലഭിക്കുകയും, അന്ന് മുതല്‍ ഈ ഭൂമി അതിരൂപത കൈവശം വെച്ച് വരികയുമാണ്. ഈ ഭൂമിക്ക് വില്ക്കാന് ആവിശ്യമായ അടിസ്ഥാന പ്രമാണങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് ഒരു പട്ടയമുണ്ടാക്കി എന്നതാണ് പോലീസിനെ കുഴക്കുന്നത്. 2011-ല്‍ അതിരൂപതയുടെ ചുമതല ഏറ്റെടുത്ത ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്, അതിരൂപതയുടെ വസ്തുക്കളുടെ ആധാരങ്ങള്‍ നോക്കുകയോ, പഠിക്കുകയോ ചെയ്യേണ്ട സാഹചര്യമോ ആവശ്യമോ ഇല്ലാത്തതും, അദ്ദേഹത്തെ ഭരണനിര്‍വ്വഹണത്തില്‍ സഹായിക്കുന്നതിന് വികാരി ജനറാള്‍ ഉള്ളതും ആയത് വികാരി ജനറാള്‍ നിര്‍വ്വഹിച്ച് വരുന്നതും ആണ്. വില്‍പ്പന നടന്ന കാലത്തെ വികാരി ജനറാള്‍, സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആയിരുന്നു. കഴിഞ്ഞ പതിനെട്ട് വര്‍ഷക്കാലം അരമനയില്‍ ഇരുന്ന അദ്ദേഹം അറിയാതെ ഒ്നും നടക്കില്ലെന്നാണ് വിശ്വാസികള്‍ അടക്കം പറയുന്നത്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുന്നില്‍ നിന്ന് ചെയ്തത് വികാരി ജനറാള്‍ ആയിരുന്നു.
കേസില്‍ ആരോപണ വിധേയനായ മുന്‍ പ്രൊക്യുറേറ്റര്‍ 2014 ജൂണിലാണ് ചുമതല ഏല്‍ക്കുന്നത്. അദ്ദേഹത്തെ സഹായിക്കാന്‍ ഒരു അസിസ്റ്റന്റ് പ്രൊക്യുറേറ്ററും ഉണ്ടായിരുന്നു. അതിരൂപതയുടെ ഉപദേശക സമിതികളുടെ മീറ്റിങ്ങിലെ മിനിട്സ് പരിശോധിച്ചാല്‍ ആദ്യം വില്‍പ്പനക്ക് തീരുമാനിച്ച വരന്തരപ്പള്ളി, കളമശ്ശേരി, കുണ്ടന്നൂര്‍ തുടങ്ങിയ ഭൂമികളുടെ രേഖകള്‍ ശരിയല്ലാത്തതിനാല്‍ ആ ഭൂമികളുടെ വില്‍പ്പന മാറ്റി വെക്കുകയും, ആയതിന് വേണ്ടി കേസ് അടക്കമുള്ള നടപടികള്‍ ചെയ്തു. സ്വാഭാവികമായി ഈ ഭൂമിക്ക് രേഖകള്‍ പ്രശ്നമുണ്ടായിരുന്നെങ്കില്‍ ഈ ഭൂമിയുടെ വില്‍പ്പനയും മാറ്റിവെക്കുമായിരുന്നു. അതിനാല്‍ ഈ വ്യാജരേഖ ആരോ ബോധപൂര്‍വം ഉണ്ടാക്കി വസ്തുവിന്റ രേഖകളുടെ ഭാഗമാക്കിയതാണെന്ന് സംശയിക്കുന്നു. ഇത് കര്‍ദ്ദിനാളിനെ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഉണ്ടാക്കിയതാണ് എന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.
അതിരൂപതക്ക് വേറെയും ധാരാളം വസ്തുക്കള്‍ നിലവിലിരിക്കെ ഒരു പട്ടയം വ്യാജമായി നിര്‍മ്മിച്ച് വസ്തുവില്ക്കേണ്ട ആവിശ്യമില്ല. മേജര്‍ ആര്‍ച്ച് ബിഷപ്പിനോ, പ്രൊക്യുറേറ്റര്ക്കോ വ്യക്തിപരമായി ഈ വസ്തു വിറ്റ് ഒരു നേട്ടം ഉണ്ടാക്കാനാവില്ല. ഇടനിലക്കാരെ വില്ക്കാന് ഏല്‍പ്പിച്ചത് ശരിയായ രേഖകള്‍ ഉള്ള വസ്തുക്കള്‍ മാത്രമാണ്. മാത്രമല്ല വസ്തു വിറ്റ് കിട്ടിയ പണം മുഴുവനും അതിരൂപതയുടെ അക്കൗണ്ടില്‍ ആണ് വന്നിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വസ്തു ഇടപാട് നടന്നപ്പോള്‍ വസ്തു അളക്കാനും വില്ലേജ് രേഖകള്‍ എടുക്കാനും നടന്നത്, അതിരൂപതയില്‍ സ്ഥിരമായിട്ട് ഇത്തരം ആവശ്യങ്ങള്‍ക്ക് നടക്കുന്നയാളാണ്. ഇദ്ദേഹം വിമതവൈദീകരുടെയും മുന്‍ സഹായമെത്രാന്റെയും ഒരു ആജ്ഞാനുവര്‍ത്തി കൂടിയാണ്. വസ്തു മേടിച്ചവര് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പോലീസ് ഇദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്.
കൂടാതെ പ്രൊക്യുറേറ്ററുടെ പേരില്‍ ഒരു അപേക്ഷ തയ്യാറാക്കുകയും അതില്‍ ഒപ്പ് വ്യാജമായി ഇട്ട് വില്ലേജില്‍ അപേക്ഷ കൊടുക്കുകയും ചെയ്തിരുന്നു. ഈ വ്യാജ അപേക്ഷ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതാണ് കേസിന്റെ ഗതി മാറ്റുന്നത്. മാത്രവുമല്ല അതിരൂപതയിലെ ഒരോ രേഖകളും അരമനക്ക് പുറത്തേക്ക് കൊടുക്കുമ്പോള്‍ ആര് കൊണ്ടു പോയാലും ഓഫീസിലെ മൂവ്മെന്റ് രജിസ്റ്ററില്‍ ചേര്‍ത്ത് മാത്രമേ കൊടുക്കാറുള്ളു എന്ന് മുന്‍ പ്രൊക്യുറേറ്റര്‍ മൊഴി കൊടുത്തിട്ടുണ്ട്. അപ്പോള്‍ അതിരൂപതയുടെ പക്കല്‍ ഈ രേഖ നേരത്തെ ഉണ്ടായിരുന്നതാണോ എന്നും, ആരാണ് അവിടന്ന് കൊണ്ടുപോയത് എന്നും മറിച്ച് വില്ലേജില്‍ ആരാണ് ഹാജരാക്കിയത് എന്നും പോലീസിന് കണ്ടെത്താവുന്നതാണ്. അതിലെല്ലാം ഉപരി ഈ വ്യാജ പട്ടയം സംബന്ധിച്ച് ആദ്യമായി ആരോപണം പുറത്ത് വിടുന്നത് മാരാംപറമ്പില്‍ കമ്മീഷനാണ്. ഈ കമ്മീഷന് ചെയര്‍മാനാണ് പിന്നീട് കര്‍ദ്ദിനാളിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ വ്യാജരേഖ ചമച്ച കേസില്‍ മറ്റ് വൈദികരോടൊപ്പം പ്രതിയായത്.
‘അതിരൂപത ഭൂമി വില്‍പ്പന സംബന്ധിച്ച വിവാദങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുക്കാന്‍ ഏല്‍പ്പിച്ചത്് പ്രകാരം അതിരൂപതയിലെ ചില രേഖകള്‍ പരിശോധിച്ചതില്‍ സംശയം തോന്നി അന്വേഷിച്ചപ്പോള്‍ മനസ്സിലായി വ്യാജ രേഖയാണെന്ന്’, ഇങ്ങനെയാണ് ഫാ.ബെന്നി മാരാംപറമ്പില്‍ കോടതിയില്‍ മൊഴി കൊടുത്തത്, എങ്കില്‍ കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ പ്രഥമവും പ്രധാനമായും വിവരിക്കേണ്ട ഈ കാര്യം എന്ത് കൊണ്ട് ഫാ.ബെന്നി മാരാംപറമ്പില്‍ മറച്ച് വെച്ചു എന്നതും സംശയത്തിനിടയാക്കുന്നു.
കൂടുതല്‍ അന്വേഷണത്തിന് വേണ്ടി കോടതി അനുമതിക്കായി പോലീസ് കാത്തിരിക്കുന്നു. ഒടുവില്‍ വാദി പ്രതിയായി മാറുന്ന കാഴ്ച വിദൂരമല്ല. അതിന്റെ വെപ്രാളം അവരില്‍ കണ്ട് തുടങ്ങിയെന്ന് അതിരൂപതയിലെ ചില മുതിര്‍ന്ന വൈദീകര്‍ അടക്കം പറയുന്നു. അതിരൂപതയിലെ ഒരു പ്രമുഖ വിമത വൈദീകന്റെ അടുത്ത ബന്ധുകൂടിയാണ് പരാതിക്കാരന് എന്നും പറയപ്പെടുന്നു.
കര്‍ദ്ദിനാളിനോ, മുന്‍ പ്രെക്യുറേറ്റര്ക്കോ, ഇടനിലക്കാര്‍ക്കോ വ്യാജ പട്ടയമുണ്ടാക്കി അതിരുപതാ ഭൂമി വിറ്റത് കൊണ്ട് യാതൊരു നേട്ടവുമില്ലായെന്നിരിക്കെ, കര്‍ദ്ദിനാളിനെ അരോപണ വിധേയനാക്കി രാജിവെപ്പിക്കാന്‍ ചില വിമത വൈദീകര്‍ നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് ഈ വ്യാജ പട്ടയ സൃഷ്ടിയെന്ന സംശയവും ഉയരുന്നു.