ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ തോല്‍വി. രണ്ടാം ഇന്നിംഗ്‌സില്‍ 420 റണ്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റണ്‍സിന് പുറത്തായി. 4 വിക്കറ്റെടുത്ത ജാക് ലീച്ചും 3 വിക്കറ്റെടുത്ത ആന്‍ഡേഴ്‌സനുമാണ് ഇന്ത്യയെ തകര്‍ത്തത്.
അവസാന ദിവസത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ടോപ് സ്‌കോറര്‍. കോഹ്‌ലിയെ സ്റ്റോക്‌സ് ബൗള്‍ഡാക്കുകയായിരുന്നു.
39/1 എന്ന നിലയില്‍ അഞ്ചാംദിനം തുടങ്ങിയ ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍ (50) അര്‍ധ സെഞ്ചുറി നേടി. 12 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പൂജാരയ്ക്ക് ഇന്ന് മൂന്ന് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ഗില്ലിനെയും മൂന്ന് പന്തുകള്‍ക്ക് ശേഷം രഹാനെയും മടക്കി ആന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിന് ജയപ്രതീക്ഷ ഒരുക്കിയത്. രണ്ടു ബൗണ്ടറികളുമായി തുടങ്ങിയ പന്തിനെയും (11) പിന്നീട് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് വാഷിംഗ്ടണ്‍ സുന്ദറിനെ ഡോം ബെസ് വീഴ്ത്തി.
പിന്നീട് കോഹ്‌ലി അശ്വിന്‍ സംഖ്യം വീണ്ടും ഇന്ത്യയ്ക്ക് സമനില പ്രതീക്ഷ നല്‍കി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പക്ഷേ 52 ഓവറില്‍ ജാക്ക് ലീച്ച് അശ്വിന്‍ ബട്ലറുടെ കൈകളില്‍ എത്തിച്ചു. പിന്നീട് വന്ന ഷഹബാസ് നദീം 13 പന്തുകള്‍ നേരിട്ടെങ്കിലും റണ്‍ ഒന്നും എടുക്കാതെ മടങ്ങി. 59ാം ഓവറില്‍ ബുമ്രയെ ജോഫ്ര ആര്‍ച്ചറും പുറത്താക്കിയതോടെ ഇന്ത്യന്‍ പരാജയം പൂര്‍ത്തിയായി. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ജയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നും ഡോം ബെസ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 178 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടെസ്റ്റില്‍ അശ്വിന്റെ 28-ാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ വിജയിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിംഗില്‍ തലപ്പത്ത്. 70.2 ശതമാനം പോയിന്റാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന് ഉള്ളത്. ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്കിറങ്ങി. 68.3 ശതമാനം പോയിന്റാണ് ഇന്ത്യക്ക് ഉള്ളത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇംഗ്ലണ്ട് സജീവമാക്കി.
ന്യൂസീലന്‍ഡ് ആണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ച ടീം. 70 ശതമാനമാണ് ന്യൂസീലന്‍ഡിന്റെ പോയിന്റ് ശതമാനം. 69.2 ശതമാനം പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതാണ്. ന്യൂസിലന്‍ഡിനൊപ്പം ഫൈനല്‍ കളിക്കാന്‍ സാധ്യതയുള്ളത് ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ്. 2-1, 3-1 എന്ന സ്‌കോറിന് ജയിച്ചാല്‍ ഇന്ത്യ ഫൈനലിലെത്തും. 3-0, 4-0, 3-1 എന്ന സ്‌കോറില്‍ ഈ പരമ്പര വിജയിച്ചാല്‍ ഇംഗ്ലണ്ട് ഫൈനല്‍ കളിക്കും. 1-0, 2-0, 2-1 എന്ന സ്‌കോറിന് ഇംഗ്ലണ്ട് ജയിച്ചാലോ 1-1, 2-2 എന്ന നിലയില്‍ പരമ്പര സമനില ആയാലോ ഓസ്‌ട്രേലിയ ഫൈനലിലെത്തും.
അതേസമയം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നീട്ടിവച്ചെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ജൂണ്‍ 10 നു തീരുമാനിച്ചിരുന്ന ഫൈനല്‍, ഇപ്പോള്‍ ജൂണ്‍ 18ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ഐപിഎല്‍ ഫൈനല്‍ തീയതിയുമായി ഉണ്ടായേക്കാവുന്ന ക്ലാഷ് ആണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നീട്ടിവെക്കാന്‍ കാരണം. ഐപിഎല്‍ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ക്വാറന്റീന്‍ നിബന്ധന ഉള്ളതിനാല്‍ അതിനു വേണ്ട സമയം നല്‍കണമെന്നാണ് ഐസിസിയുടെ തീരുമാനം.