ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന വിഷ്ണുവിന് ഇനി സ്വന്തം ഇലക്ട്രിക് വീല്‍ ചെയറില്‍ നാടുകാണാം. സ്വന്തമായി ഒരു വീല്‍ചെയര്‍ വേണമെന്ന ഈ ഇരുപത്തെട്ടുകാരന്റെ ആഗ്രഹത്തിന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ സാഫല്യമായി.
നെയ്യാറ്റിന്‍കരയില്‍ ഇന്നലെ നടന്ന അദാലത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വിഷ്ണുവിന് റ്റെട്രാ എക്സ് വീല്‍ചെയര്‍ നല്‍കുന്നതിനുള്ള നടപടിയെടുത്തു. വിഷ്ണുവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 രൂപയും അനുവദിച്ചു.
ആര്യങ്കോട് മൈലച്ചല്‍ തേരിയില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെ മകനായ വിഷ്ണു ശാരീരിക വിഷമതകളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും ഏറെ കഷ്ടപ്പെടുകയായിരുന്നു. മാതാപിതാക്കളും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. തൊഴിലുറപ്പ് ജോലിക്കാരനാണ് ത്രിവിക്രമന്‍ നായര്‍. അതില്‍നിന്നു ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ട് മകന്റെ ചികിത്സാ കാര്യങ്ങളും യാത്രയ്ക്കായി വീല്‍ ചെയര്‍ വേണമെന്ന ആവശ്യവും സാധിച്ചു കൊടുക്കാനാകാത്തത്തിന്റെ വിഷമത്തിലായിരുന്നു അദ്ദേഹം.
സാന്ത്വനസ്പര്‍ശം പരാതി പരിഹാര ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ നടപടികളില്‍ വലിയ സന്തോഷവും നന്ദിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.