പെരുമ്പാവൂര്‍: മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ സ്മരണക്കായി രാജ്യാന്തര ലൈബ്രറിയും പഠന കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള അനുമതി ഉള്‍പ്പെടെ 1024 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാന ബജറ്റിലേക്ക് സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, പാലങ്ങള്‍, അടി പാതകള്‍, ബസ് സ്റ്റാന്റുകളുടെ നവീകരണം, സ്റ്റേഡിയം നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്ന 27 സമഗ്ര വികസന പദ്ധതികളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
പി.കെ.വിയുടെ പേരിലുള്ള ലൈബ്രറിക്കും പഠന കേന്ദ്രത്തിനും 5 കോടി രൂപയുടെ അനുമതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജന്മനാട്ടില്‍ മുന്‍ മുഖ്യമന്ത്രിയുടെ സ്മാരകം വേണമെന്നത് പെരുമ്പാവൂരിന്റെ സാംസ്‌കാരിക രംഗത്തെ പ്രധാന ആവശ്യമാന്നെ് എം.എല്‍.എ പറഞ്ഞു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിക്ക് 35 കോടി രൂപയുടെ അനുമതിയും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പുതുക്കി നിര്‍മ്മിക്കുന്നതിന് 15 കോടി രൂപയുടെ അനുമതിക്കായും കുറുപ്പംപടി, പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ക്ക് 10 കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പെരുമ്പാവൂര്‍ അടിപാതക്ക് 300 കോടി രൂപയുടെയും പെരുമ്പാവൂര്‍ ബോയ്‌സ് സ്‌കൂളില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 10 കോടി രൂപയുടെയും അനുമതിക്കും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍പത്തെ ബജറ്റിലേക്കും ഈ രണ്ട് പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
മണ്ഡലത്തിലെ 13 റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 91 കോടി രൂപയുടെ പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. കുറുപ്പംപടി കൂട്ടിക്കല്‍ റോഡിന്റെ രണ്ടാം ഘട്ടം, അറക്കപ്പടി പോഞ്ഞാശ്ശേരി, നമ്പിള്ളി തോട്ടുവ, പെരുമ്പാവൂര്‍ രായമംഗലം, അല്ലപ്ര വലമ്പൂര്‍, പെരുമ്പാവൂര്‍ കൂവപ്പടി രണ്ടാം ഘട്ടം, പ്രളയക്കാട് കോടനാട്, പെരുമ്പാവൂര്‍ റയോണ്‍പുരം, കണ്ടന്തറ പൊന്നിടാംചിറ, കോടനാട് തോട്ടുവ, ഓടക്കാലി നാഗഞ്ചേരി, വല്ലം റയോണ്‍പുരം, കൊമ്പനാട് വലിയപ്പാറ എന്നീ റോഡുകള്‍ ആണ് അനുമതി ലഭ്യമാക്കുന്നതിനായി നല്‍കിയത്.
കാലടി സമാന്തര പാലത്തിന് 150 കോടിക്കായും പാണംകുഴി കുടിവെള്ള പദ്ധതിക്ക് 100 കോടിയുടെ അനുമതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് ഐമുറി കനാല്‍ പാലം, മുടക്കുഴ നാലുപാലം, പുല്ലുവഴി ഡബിള്‍ പാലം പുനര്‍ നിര്‍മ്മാണം എന്നിവയ്ക്കായി 13 കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. വല്ലം കുടിവെള്ള പദ്ധതിക്ക് 160 കോടി രൂപയുടെ അനുമതിയും എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്.