പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന മൂല്യ നിര്‍ണ്ണയ റിപ്പോര്‍ട്ട് (ബി.വി.ആര്‍) തയ്യാറാക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നല്‍കി. നിലവിലുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് പദ്ധതിയുടെ മുന്നോട്ടു പോക്ക് അനിശ്ചിതത്വത്തില്‍ ആകുമെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11(1) വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ സമയബന്ധിതമായി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഉള്ളപ്പോള്‍ ഇപ്രകാരമുള്ള ഒരു സ്ഥലം മാറ്റം വികസന പ്രവര്‍ത്തനങ്ങളെ പിറകോട്ട് വലിക്കുകയും പദ്ധതി നടപടികള്‍ക്ക് കാലതാമസം വരുന്നത് മൂലം കോടികണക്കിന് രൂപയുടെ അധിക ബാധ്യത പൊതു ഖജനാവിന് ഉണ്ടാകുന്നതുമാണെന്ന് എം.എല്‍.എ ചൂണ്ടികാട്ടി.
എം.എല്‍.എയുടെ നിരന്തര ശ്രമത്തെ തുടര്‍ന്ന് സാമൂഹ്യഘാത പഠനം നടത്തി സ്ഥലം ഏറ്റെടുക്കുവാന്‍ 11(1) വകുപ്പ് പ്രകാരം പ്രാഥമിക വിഞാപനം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് അതിവേഗത്തില്‍ തന്നെ സമയ ബന്ധിതമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡുകള്‍ അംഗീകരിച്ചു. പുതിയ നിയമ പ്രകാരം പുനരധിവാസ പാക്കേജ് പ്രസിദ്ധികരിക്കുന്നതിന് നടപടികളും ആരംഭിച്ചു കഴിഞ്ഞു. കൂടാതെ സ്ഥലവില നിര്‍ണയിച്ചു വസ്തു ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ബി.വി.ആര്‍. തയ്യാറാക്കുന്ന നടപടികള്‍ വേഗത്തില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണ ചുമതലയുള്ള റവന്യു ഇന്‍സ്പെക്ടറെ 6 മാസം തികയുന്നതിന് മുന്‍പ് യാതൊരു കാരണവും കൂടാതെ സ്ഥലം മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് കൃത്യമായി ജോലി ചെയ്തന്നെ ഒറ്റ കാരണത്താല്‍ 6 ഉദ്യോഗസ്ഥരെയാണ് കാലാവധി മാന്ദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി യാതൊരു കാരണവുമില്ലാതെ ഭൂമിഏറ്റെടുക്കലിന്റെ ചുമതലയുള്ള കാക്കനാട് എല്‍. എ. ജനറല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നിന്നും സ്ഥലം മാറ്റിയത്. അവസാനം നിവൃത്തിയില്ലാതെ തനിക്ക് കളക്ടറേറ്റില്‍ കുത്തിയിരുപ്പ് സമരം നടത്തേണ്ടി വന്ന കാര്യവും എം.എല്‍.എ കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. റവന്യു ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയ നടപടിക്ക് എതിരെ എം.എല്‍.എ കളക്ടര്‍, എ.ഡി.എം എന്നിവരെ ബന്ധപ്പെട്ടങ്കിലും മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണെമന്നാണ് ലഭിച്ച മറുപടിയെന്ന് എം.എല്‍.എ പറഞ്ഞു.