കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം. ജനുവരി 26ന് ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്ന നടപടി അവസാനിപ്പിക്കണം. കര്‍ഷകരെ തകര്‍ക്കുന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് എളമരം കരീം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പാര്‍ലമെന്റ് സമ്മേളനം ചട്ടപ്രകാരം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. തടസ്സം കൂടാതെ പാര്‍ലമെന്റ് ചേരാന്‍ സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കണം. യുപി സര്‍ക്കാര്‍ പാസാക്കിയ മിശ്രവിവാഹ നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണ്. ഇത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ല. ഈ കാര്യവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കണമെന്ന ആവശ്യവും കരീം ഉന്നയിച്ചു.
മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മാത്രമാണ് പറഞ്ഞത്.