ബിജെപിയില്‍ ചേരുന്ന കാര്യം ഇ ശ്രീധരന് സ്ഥിരീകരിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇപ്പോള്‍ തന്നെ ബിജെപിയില്‍ ചേര്‍ന്നതുപോലെയാണ്. കുറച്ചുകാലമായി മനസ്സിലുണ്ടായിരുന്നു ഇക്കാര്യം. സാങ്കേതികമായി അംഗത്വം സ്വീകരിച്ചാല്‍ മാത്രം മതി. ബിജെപി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും ശ്രീധരന് പറഞ്ഞു.
ഗവര്‍ണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് മെട്രോമാന് ഇ. ശ്രീധരന്. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാള്‍ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താന്‍ ബി.ജെ.പിയില്‍ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാര്‍ട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരന് പറഞ്ഞു.
നാടിനു വേണ്ടി വല്ലതും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ഇപ്പോള്‍ അതിനു കഴിയുക ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മാത്രമാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും കേരളത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായുള്ള സംഘര്‍ഷത്തിലാണ് അവര്‍ എപ്പോഴും. ഇ. ശ്രീധരന് പറഞ്ഞു.
‘യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും അറ്റാക്ക് ചെയ്യുകയല്ല ഉദ്ദേശ്യം. വ്യക്തിപരമായി അധിക്ഷേപിക്കാനും ചീത്തപറയാനുമില്ല. നാട്ടില്‍ വ്യവസായങ്ങള്‍ വരണം, ആള്‍ക്കാര്‍ക്ക് ജോലി വേണം. നമ്മുടെ നാട്ടില്‍ ഉള്ളവര്‍ പുറത്തുപോയി ജോലി ചെയ്യുക, പുറത്തുനിന്നുള്ളവര്‍ ഇവിടെ വന്ന് ജോലി ചെയ്യുക എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതില്‍ മാറ്റം വരണം. വ്യവസായങ്ങള്‍ വന്നാലേ തൊഴിലവസരങ്ങളുണ്ടാകൂ.’
കെ. സുരേന്ദ്രന് നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കില്ലെന്നും അക്കാര്യം സുരേന്ദ്രനെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന് പറഞ്ഞു. തന്റെ പാര്‍ട്ടിപ്രവേശനം പ്രഖ്യാപിക്കാനുള്ള ചടങ്ങുകള്‍ വേണ്ട എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ബി.ജെ.പിയില്‍ ചേര്‍ന്നതു കൊണ്ട് വല്ല ചുമതലയും വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഗവര്‍ണര്‍ പദവി സ്വീകരിക്കില്ല. അതുകൊണ്ട് രാജ്യത്തെ സേവിക്കാന്‍ കഴിയില്ല. ഗവര്‍ണറായാല്‍ നല്ല നിലയില്‍ ജീവിക്കാം; അതിനുവേണ്ടിയാണെങ്കില്‍ എനിക്ക് ഇവിടെ ഇരുന്നാല്‍ മതിയല്ലോ, രാജ്ഭവനില്‍ പോകേണ്ട കാര്യമില്ലല്ലോ.’
ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധര്‍ എന്നു പറയുന്നത് ശരിയല്ലെന്നും അത് ആള്ക്കാര് പറഞ്ഞുണ്ടാക്കുന്നതാണെന്നും ശ്രീധരന് പറഞ്ഞു. നാട് നന്നാക്കണം എന്നു മാത്രമാണ് ബി.ജെ.പിയുടെ ഉദ്ദേശ്യം. രാജ്യത്തോട് സ്നേഹമില്ലാത്തവരെ ബി.ജെ.പി എതിര്‍ക്കും. ന്യൂനപക്ഷ വിരുദ്ധത എന്നത് വെറുതെ ആരോപിക്കുന്നതാണ്. – അദ്ദേഹം പറഞ്ഞു.
അതേസമയം വിജയ യാത്രയില്‍ പാര്‍ട്ടി അംഗത്വം നല്‍കുമെന്നും അദ്ദേഹത്തോട് ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ. സുരേന്ദ്രന് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര് ബിജെപിയിലെത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.
മെട്രോമാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥികളെ ഉചിതമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന് അറിയിച്ചു.
വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കമ്മീഷന് അടിക്കുന്ന കേരളത്തിന്റെ രീതിയെ ശ്രീധരന് എതിര്‍ത്തതോടെ ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ എതിര്‍ത്തു. പിണറായി വിജയന്റെ സമീപനവും അതുപോലെയായിരുന്നു. ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ വികാരത്തിന്റെ പ്രതിഫലനമാണെന്നും കെ സുരേന്ദ്രന് അവകാശപ്പെട്ടു.