പെരുമ്പാവൂര്‍: മണ്ഡലത്തിലെ പ്രധാന പദ്ധതിയായ രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ജല മിഷന്‍ വഴിയാണ് പദ്ധതിക്കുള്ള തുക ലഭ്യമാക്കുന്നത്. വെങ്ങോല, രായമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒപ്പം പെരുമ്പാവൂര്‍ നഗരസഭ പരിധിയിലുള്ള കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 160 കോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്ന ചെലവെന്നും എം.എല്‍.എ പറഞ്ഞു.
പെരുമ്പാവൂര്‍ നഗരസഭ പരിധിയിലെ കാഞ്ഞിരക്കാട് നിലവിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് ചേര്‍ന്നാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്. 25 ദശലക്ഷം ലിറ്റര്‍ വെള്ളം ഓരോ ദിവസവും ശുദ്ധികരിച്ചു വിതരണം ചെയ്യുന്നതിന് ഇതിലൂടെ സാധിക്കും. ഏറെ കാലപ്പഴക്കമുള്ള നിലവിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് 10 ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷി ഉള്ളതാണ്. വല്ലം പ്രദേശത്ത് നിലവിലുള്ള പമ്പ് ഹൗസിനോട് ചേര്‍ന്ന് പുതിയ പമ്പ് ഹൗസ് സ്ഥാപിക്കും. 9 മീറ്റര്‍ വ്യാസമുള്ള കിണറും ഇതിനൊപ്പം നിര്‍മ്മിക്കും. ശുദ്ധികരണ ശാലയില്‍ വെങ്ങോല, രായമംഗലം പഞ്ചായത്തുകള്‍ക്കായി 2 വീതം ആകെ 4 പമ്പ് ഹൗസുകള്‍ സ്ഥാപിക്കും.
കാഞ്ഞിരക്കാട് നിന്നും രായമംഗലം പഞ്ചായത്തിലെ പീച്ചനമുകള്‍ ഭാഗത്തേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കും. 6 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സംഭരണി ഇവിടെ നിലവില്‍ ഉണ്ട്. ഇതിനൊപ്പം 3 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല സംഭരണി കൂടി നിര്‍മ്മിച്ചു ജലവിതരണം നടത്തും. കുറുപ്പംപടി, വായ്ക്കര, 606 എന്നി ഭാഗങ്ങളിലൂടെ കുടിവെള്ളം എത്തിക്കും. നിലവില്‍ വായ്ക്കരയില്‍ ജലസംഭരണി ഉണ്ട്. 606 പ്രദേശത്ത് ജലസംഭരണിക്കായി സ്ഥലം ലഭ്യമാണ്. കുറുപ്പംപടി ഭാഗത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണി നിലവിലുണ്ട്. ഇതോടൊപ്പം പെരുമാനിയില്‍ 10 ലക്ഷം സംഭരണ ശേഷിയുള്ള സംഭരണി നിര്‍മ്മിക്കും. 2 മേഖലകളിലായി ശുദ്ധജലം വിതരണം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ പഴകിയ ശുദ്ധജല വിതരണ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കും. കുടിവെള്ള കണക്ഷന്‍ ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് അവ കൂടി നല്‍കുന്നതിനും പദ്ധതിയില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.