കുവൈത്തില്‍ ജോലിക്കെത്തി ദുരിത ജീവിതം നയിച്ച യുവതിക്ക് സുരക്ഷ ഒരുക്കി നാട്ടിലെത്തിച്ച് കോട്ടയം സ്വദേശി ഡോ. ലക്സണ്‍ ഫ്രാന്‍സിസ്. ഒരു ഫോണ്‍ കോളില്‍ മറുകരയിലുള്ള യുവതിയുടെ കരച്ചിലോടെയുള്ള ശബ്ദം, വിശ്വസിക്കണോ വേണ്ടയോ എന്ന ചിന്തയില്‍ നിന്ന് ലക്‌സണ്‍ അതിവേഗം കാര്യങ്ങള്‍ അന്വേഷിച്ച് യുവതിയുടെ ദുരിത ജീവിതം മനസിലാക്കി അതൊരു ദൗത്യമായി ഏറ്റെടുത്തു. വിദേശത്തുണ്ടായിരുന്നപ്പോള്‍ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗപ്പെടുത്തി. ഒടുവില്‍ തന്റെ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടപ്പോള്‍ യുവതിക്ക് ലഭിച്ചത് നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം. കഴിഞ്ഞദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കോട്ടയം നീലംപേരൂര്‍ സ്വദേശിനി ദീപ വന്നിറങ്ങുമ്പോള്‍, ഒരു ഗദ്ദാമയുടെ ദുരിതജീവിതത്തില്‍ നിന്ന്, മരണത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന്, അവളെ നാടിന്റെ സുരക്ഷയിലേയ്‌ക്കെത്തിച്ച ഡോ. ലക്സണ്‍ ഫ്രാന്‍സിസ് അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.
ഒന്നരയാഴ്ച മുമ്പാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോട്ടയം സ്വദേശി ഡോ. ലക്‌സണ്‍ ഫ്രാന്‍സിസിന്റെ മൊബൈലിലേക്കു വിദേശ നമ്പരില്‍ നിന്ന് ഒരു കോള്‍വന്നു. ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ടു സംസാരിക്കുന്നു. കുവൈത്തില്‍ നിന്നാണ്, ജോലിക്കെത്തി കുടുങ്ങിപ്പോയി, എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ് ആവശ്യം. പെണ്‍കുട്ടിയുടെ കോള്‍ ആയതുകൊണ്ടും ഇത്തരം നിരവധി തട്ടിപ്പുകളെപ്പറ്റി അറിവുള്ളതുകൊണ്ടും ഡോ. ലക്‌സണ്‍ ആദ്യം ഒന്നറച്ചു. പിന്നെ കുവൈത്തിലുള്ള സുഹൃത്തിനെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ച് സത്യാവസ് കണ്ടെത്താന്‍ ഏല്‍പ്പിച്ചു.
അദ്ദേഹം സംഗതി സത്യമാണെന്നു സ്ഥിരീകരിച്ചതോടെ ലക്‌സണ്‍ യുവതിയെ രക്ഷിച്ച് തിരികെ നാട്ടില്‍ എത്തിക്കുകയെന്നത് ഒരു ദൗത്യമായി ഏറ്റെടുത്തു. വിദേശത്തുണ്ടായിരുന്നപ്പോള്‍ മുതലുള്ള എല്ലാ ബന്ധങ്ങളും സൗഹൃദങ്ങളും ഇതിനായി ലക്‌സണ്‍ ഉപയോഗപ്പെടുത്തി. ഒടുവില്‍, കഴിഞ്ഞ ദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കോട്ടയം നീലംപേരൂര്‍ സ്വദേശിനി ദീപ വന്നിറങ്ങുമ്പോള്‍, ഒരു ഗദ്ദാമയുടെ ദുരിതജീവിതത്തില്‍ നിന്ന്, മരണത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന്, അവളെ നാടിന്റെ സുരക്ഷയിലേയ്‌ക്കെത്തിച്ച ലക്‌സണും അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.
‘രക്ഷപ്പെടാന്‍ അവസരം വരും, അതുവരെയും കാത്തിരിക്കണം.. ലക്‌സണ്‍ സാര്‍ ഇടയ്ക്കു വിളിക്കുമ്പോള്‍ പറയുമായിരുന്നു. വാതില്‍ തുറന്നു കിടക്കുകയാണോ എന്ന് ഇടയ്ക്കിടെ നോക്കും. അങ്ങനെ ആ അവസരം വന്നു. രാവിലെ ആറുമണിക്ക് വാതില്‍ തുറന്നു കിടക്കുന്നു. സാറിനെ വിളിച്ചു. ധൈര്യമായി ഇറങ്ങി പുറത്തേക്കോടാന്‍ ഉപദേശിച്ചു. ബാഗില്‍ കരുതിവച്ചിരുന്ന അത്യാവശ്യം വസ്ത്രങ്ങള്‍ മാത്രമെടുത്ത് റോഡിലേക്കിറങ്ങി തിരിഞ്ഞു നോക്കാതെ ഓടി…
അതുവഴി വന്ന ഒരു ടാക്‌സി കിട്ടിയതു രക്ഷയായി. അതില്‍ കയറി, ലക്‌സണ്‍ സാര്‍ പറഞ്ഞതുപോലെ ഇന്ത്യന്‍ എംബസിയിലെത്തി. അദ്ദേഹം അവിടെ കാര്യങ്ങളെല്ലാം ഏര്‍പ്പാടാക്കിയിരുന്നു. അവര്‍ സ്‌നേഹപൂര്‍വം സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും ഏര്‍പ്പാടാക്കി. നാട്ടിലേക്കു വരാനുള്ള ടിക്കറ്റും വാഹനവും തന്നു.’ ഇതു പറയുമ്പോള്‍ ദീപയുടെ മനസ്സില്‍ ജീവന്‍ തിരികെക്കിട്ടിയതിന്റെ ആശ്വാസം. ഒപ്പം ഇതുപോലെ അവിടെ കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേരെക്കുറിച്ചുള്ള ആശങ്കകളും.
ബിഎ ബിരുദധാരിയാണ് ദീപ. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവ് വൃക്കരോഗ ബാധിതനായി മരിച്ചു. പിതാവ് നേരത്തേ മരിച്ചിരുന്നു. ഒരു കുഞ്ഞുള്ളതിനെ വളര്‍ത്തണം. സഹോദരന്റെ തണലില്‍ ജീവിക്കുമ്പോള്‍ അദ്ദേഹത്തെ സഹായിക്കണം. അമ്മയ്ക്കും സഹായമാകും. അതുകൊണ്ട് എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുന്നതിനിടെയാണ് അകന്ന ബന്ധു വീട്ടില്‍ വരുന്നതും പരിചയപ്പെടുന്നതും. വര്‍ഷങ്ങളായി കുവൈത്തിലുള്ള അവര്‍ തനിക്ക് അവിടെ വീട്ടുജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞപ്പോള്‍ അപകടം പ്രതീക്ഷിച്ചതല്ല.
ആവശ്യപ്പെട്ട പണം സംഘടിപ്പിച്ചു നല്‍കിയാണ് 2018 ല്‍ കുവൈത്തിലെത്തിയത്. അവിടെ കാത്തുനിന്ന അറബി ഏജന്റ് ഒരു വീട്ടിലാക്കി. രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കില്ല എന്നതും പറഞ്ഞ ശമ്പളം നല്‍കിയില്ല എന്നതും ഒഴിച്ചാല്‍ കാര്യമായ പ്രശ്‌നമില്ല. 120 കുവൈത്ത് ദിനാറായിരുന്നു വാഗ്ദാനം. നല്‍കിയത് 90 ദിനാര്‍ മാത്രം. രാത്രി മൂന്നു മണി വരെ ജോലി ചെയ്യണം. രാവിലെ ആറുമണിക്ക് എഴുന്നേറ്റ് വീണ്ടും ജോലി തുടങ്ങണം.
ചെറിയ കുറെ കുഞ്ഞുങ്ങളുണ്ട്, അവരെ നോക്കുന്നതായിരുന്നു പ്രധാന ജോലി. അവിടെ ഒരു വര്‍ഷം പൂര്‍ത്തിയായതോടെ വീട്ടുകാര്‍ ശ്രീലങ്കന്‍ ഏജന്റിനു കൈമാറി. അദ്ദേഹം മറ്റൊരു വീട്ടില്‍ കൊണ്ടാക്കിയെങ്കിലും നാലുനിലയുള്ള വീട്ടിലെ ജോലി ആരോഗ്യത്തെ കാര്യമായി ബാധിച്ചു. നടുവിനു വേദനയും മറ്റും രൂക്ഷമായതോടെ നാട്ടിലേക്കു വിടാന്‍ അഭ്യര്‍ഥിച്ചു. അതുപറ്റില്ലെന്നു പറഞ്ഞ് ഏജന്റ് മറ്റൊരു വീട്ടിലാക്കി. അവിടെ കടുത്ത ജോലിയും മാനസിക പീഡനവും ഭക്ഷണം പോലും തരാത്ത സാഹചര്യവുമുണ്ടായി.
ഇതിനിടെ കഴുത്തില്‍ മുഴ വന്ന് ചികിത്സ വേണ്ടി വന്നു. അവര്‍ ആദ്യം ആശുപത്രിയില്‍ കാണിക്കാതിരുന്നു. പിന്നെ ഒരു തവണ ആശുപത്രിയില്‍ കാണിച്ചു. തുടര്‍ ചികിത്സയില്ലാതെ വന്നതോടെ പനിയും വേദനയുമായി കിടപ്പിലായി. ഈ സമയം ഭക്ഷണം നല്‍കാന്‍ പോലും തയാറായില്ല. സ്വന്തമായി ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനും അനുവദിക്കാതെ വന്നതോടെ വെള്ളം മാത്രം കുടിച്ചു. ഇടയ്ക്ക് ജ്യൂസ് ഉണ്ടാക്കി കഴിച്ചു. തിരികെ നാട്ടില്‍ വിടണമെന്നു ആവശ്യപ്പെട്ടപ്പോള്‍ വലിയ തുക പകരം ചോദിച്ചു.
അവിടെ കിടന്നു മരിച്ചുപോകുമോ എന്ന ഭയത്തിലും വിഷമത്തിലുമായി. ഇതോടെ ഏജന്റിനോടും നാട്ടില്‍ വിടാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും തയാറായില്ല. പലപ്പോഴും വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കില്ല. സമൂഹമാധ്യമങ്ങളില്‍ തന്റെ സങ്കടം പോസ്റ്റു ചെയ്യുമെന്നു പറഞ്ഞിട്ടും പരിഹാരമില്ലാതെ വന്നതോടെ കൂട്ടുകാരില്‍ പലരോടും കാര്യങ്ങള്‍ പറഞ്ഞു.
‘ഒരു കൂട്ടുകാരിയാണ് ഡോ. ലക്‌സന്റെ നമ്പര്‍ തരുന്നത്. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മുതല്‍ നാട്ടിലെത്തുന്നതുവരെ അദ്ദേഹം വേണ്ടതെല്ലാം ചെയ്തു കൂടെ നിന്നു. എംബസിയില്‍ വിളിച്ച് കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയതും ആ വീട്ടില്‍ നിന്നു രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതും അദ്ദേഹമാണ്. ഇറങ്ങിയോടി ടാക്‌സിയില്‍ എംബസിയിലെത്തിയപ്പോള്‍ വളരെ സഹാനുഭൂതിയോടെ അവര്‍ പെരുമാറി. താമസിക്കാന്‍ സ്ഥലവും ഭക്ഷണവും തന്നു.
എന്നെപ്പോലെ നിരവധിപ്പേര്‍ അവിടെ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസ്സിലായത്. എന്നെ ഗള്‍ഫിലെത്തിച്ച ബന്ധു കയറ്റിവിട്ട ഒരു പെണ്‍കുട്ടി വളരെ ദുരിതം അനുഭവിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. പലരും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയാകുന്നുണ്ട്. എനിക്ക് അത്തരം പീഡനം ഉണ്ടായിട്ടില്ല. ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ സ്ത്രീ രക്ഷപ്പെട്ട് എംബസിയില്‍ എത്തിയിരുന്നു. വിശദീകരിക്കാനാവാത്തത്ര ദുരിതമാണ് അവര്‍ അനുഭവിച്ചത്.’ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ നാട്ടില്‍ത്തന്നെ എന്തെങ്കിലും ജോലി കണ്ടെത്തണമെന്ന ആഗ്രഹവും ദീപ പങ്കുവയ്ക്കുന്നു.
ദീപയുടെ കഷ്ടപ്പാടറിഞ്ഞ് ഏജന്റിനെ ബന്ധപ്പെട്ടപ്പോള്‍, തിരിച്ചയയ്ക്കാന്‍ ഒന്നര ലക്ഷം രൂപയോളം ആവശ്യപ്പെട്ടെന്ന് ഡോ. ലക്‌സണ്‍ പറയുന്നു. അതു സമ്മതിച്ചപ്പോഴാണ് നാട്ടിലേക്കു മടക്കിയയ്ക്കുന്നതു പരിഗണിക്കാെമെന്ന് ഏജന്റ് പറഞ്ഞത്. എംബസിയില്‍ അംബാസഡറെ ഉള്‍പ്പെടെ ബന്ധപ്പെട്ടപ്പോള്‍, ഇരകള്‍ താമസിക്കുന്നിടത്തു പോയി കൂട്ടിക്കൊണ്ടു വരാനാവില്ലെന്നും ഇവിടെ വന്നാല്‍ നാട്ടിലെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ആ ധൈര്യത്തിലാണ് ദീപയോട് എംബസിയിലെത്താന്‍ പറഞ്ഞത്. എംബസിയില്‍ എത്തിയെങ്കിലും പാസ്‌പോര്‍ട്ട് ഇല്ലാതിരുന്നത് വീണ്ടും കുരുക്കായി. ദീപ ജോലി ചെയ്തിരുന്ന വീട്ടുകാരുമായി എംബസി അധികൃതര്‍ ബന്ധപ്പെട്ടു. കേസ് വരുമോ എന്ന് ഭയന്നാകണം അവര്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ തയാറായി. പാസ്‌പോര്‍ട്ട് വിട്ടുകിട്ടാത്തതിനാല്‍ നാട്ടിലെത്താനാകാതെയും മറ്റും ദുരിതത്തില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇനിയും അവിടെയുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു.
കൊച്ചിയില്‍ ഐടി, എക്‌സ്‌പോര്‍ട്ടിങ്, കണ്‍സല്‍റ്റിങ് സ്ഥാപനങ്ങള്‍ നടത്തുന്ന ഡോ. ലക്‌സണ്‍ ഫ്രാന്‍സിസിനെ കഴിഞ്ഞ ദിവസം കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നു. പുതിയ ചുമതല ഏറ്റെടുത്തതിനു പിന്നാലെ, ദുരിതത്തിലായ ഒരു പെണ്‍കുട്ടിയെ രക്ഷിച്ചു നാട്ടിലെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയായതിന്റെയും സന്തോഷത്തിലാണ് അദ്ദേഹം.