രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നതിനിടയില്‍ വാക്സിന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് രാജസ്ഥാനില്‍ ഇന്ന് തുടക്കം. രാജസ്ഥാനിലെ ബിക്കനീറിലാണ് വാക്സിനേഷന്‍ വീടുകളില്‍ നല്‍കുന്നത്. ഹെല്‍പ് ലൈന്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്ത് കുറഞ്ഞത് പത്ത് പേരെങ്കിലും ഉണ്ടെങ്കിലാണ് വാക്സിന്‍ വീട്ടിലെത്തുന്ന സേവനം ലഭ്യമാകുക.
പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ സേവനം. ഏഴ് ലക്ഷം ജനസംഖ്യയുള്ള ബിക്കനീര്‍ നഗരത്തില്‍ ഇതുവരെ 3.69 ലക്ഷം പേരാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തമിഴ്നാട്ടിലാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗികള്‍ 75000ത്തില്‍ താഴെയും മരണ സംഖ്യ മൂവായിരത്തിന് മുകളിലുമാണ്. പ്രതിദിന കേസുകള്‍ കുറയുന്ന ഡല്‍ഹിയില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
മാളുകളില്‍ അടക്കം എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കും. 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാവുന്ന തരത്തില്‍ ഭക്ഷണ ശാലകളും തുറക്കും. റഷ്യന്‍ നിര്‍മിത സ്പുടിന് വാക്സിന്‍ നാളെ മുതല്‍ ഡല്‍ഹിയില്‍ ലഭ്യമായിത്തുടങ്ങും. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്സിനേഷന്‍ ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 1,145 രൂപയാണ് സ്പുടിനികിന്റെ ആശുപത്രികളിലെ നിരക്ക്.