കൊറോണ മഹാമാരിയെ മറയാക്കി നൂറുകണക്കിന് മലയാളികളുള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ രവി പിള്ള ഉടമസ്ഥനായ സൗദി കമ്പനി (NSH കോര്‍പ്പറേഷന്‍) പിരിച്ചുവിട്ടതായി തൊഴിലാളികളുടെ ആരോപണം. പ്രവാസി ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ ഡയറക്ടര്‍ പദവിയിലിരുന്നു കൊണ്ട് പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയുമാണ് പ്രവാസി വ്യവസായി രവി പിള്ളയെന്നും വഞ്ചനക്കിരയായ തൊഴിലാളികള്‍ വിമര്‍ശിച്ചു.
രവി പിള്ളയുടെ വഞ്ചനാപരമായ നടപടിക്കെതിരെ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കുന്നു. 12 സംസ്ഥാനങ്ങളില്‍ നിന്നായി വഞ്ചനക്കിരയായ തൊഴിലാളികള്‍ സംഘടിച്ച് സമര സമിതിക്ക് രൂപം നല്‍കി. പ്രധാനമന്ത്രിക്കടക്കം തൊഴിലാൡള്‍ പരാതി നല്‍കി. അനുകൂല തീരുമാനം ഉണ്ടാകും വരെ പ്രതിഷേധത്തിനൊരുങ്ങി തൊഴിലാളികള്‍.
രവി പിള്ളയുടെ വഞ്ചനാപരമായ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500 ഓളം വരുന്ന തൊഴിലാളികളുടെ പരാതികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രിയുള്‍പ്പടെ 11 ഓളം മുഖമന്ത്രിമാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ എംബസി തുടങ്ങിയവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയിട്ട് 4 മാസത്തിലേറെയായെങ്കിലും അനുകൂല നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകാനാണ് തൊഴിലാളികളുടെ തീരുമാനം. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 2021 ജനുവരി 30 ന് കൊല്ലത്തുള്ള രവി പിള്ളയുടെ ഓഫീസിനു പുറത്ത് വഞ്ചിക്കപ്പെട്ട 163 തൊഴിലാളികള്‍ സമരം സംഘടിപ്പിച്ചിരുന്നു.
സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ഫെബ്രുവരി 10ന് രവി പിള്ളയുടെ വഞ്ചനക്കിരയായ തൊഴിലാളികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. തുടര്‍ന്നും നീതി ലഭിച്ചില്ലെങ്കില്‍ മൂന്നാം ഘട്ടത്തില്‍ രവി പിള്ളയുടെ കൊല്ലത്തെ വസതിക്കു മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനാണ് സമര സമിതി തീരുമാനം.
ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടി ഫെബ്രുവരി 6 ന് 11.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സമരസമിതി വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചു.