ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. കെട്ടിച്ചമച്ച കേസെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടും.
കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. ഇതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ഫോണുകള്‍ കോടതിയില്‍വെച്ച് തുറന്നു പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പ്രതിഭാഗം ഇന്നലെ എതിര്‍ത്തിരുന്നു.
അതേസമയം കേസില്‍ നിര്‍ണായകമായ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ തന്നെ പരിശോധിക്കും. ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിന് ആലുവ മജിസ്ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു. ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പാറ്റേണ്‍ ലോക്കുകളും പാസ്വേര്‍ഡും ദിലീപ് കോടതിക്ക് കൈമാറി.
ദിലീപിന്റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതിന് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഫോണ്‍ അണ്‍ലോക്ക് പാറ്റേണ്‍ കോടതിക്ക് നല്‍കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആറ് ഫോണുകളില്‍ അഞ്ചെണ്ണം തിരിച്ചറിഞ്ഞു. പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന അഭിപ്രയമുണ്ടെന്ന് കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.