പിഎസ്‌സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്കില്ലെന്ന് ധര്‍മജന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപ്പന്തലില്‍ എത്തിയിരുന്നു.
അതേസമയം പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടക്കും. സി.പി.ഒ, എല്‍.ജി.എസ് ഉദ്യോഗാര്‍ഥികളുമായാണ് ചര്‍ച്ച. ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചക്കുള്ള കത്ത് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറി. സി.പി.ഒ, എല്‍.ജി.എസ് വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.