കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പൊലീസിനെതിരെ പരാതി നല്‍കാനൊരുങ്ങി ശിശുക്ഷേമ സമിതി. സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിശുക്ഷേമ സമിതി. എഫ്ഐആറില്‍ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സന്റെ പേര് ചേര്‍ത്തത് സ്വാഭാവിക നടപടിയല്ലെന്നും സിഡബ്ല്യുസി ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നാളെ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നല്‍കും. കൗണ്‍സിലിംഗ് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ കത്ത് പരാതിയില്‍ സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എഫ്ഐആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വീഴ്ചയെന്ന് വെളിപ്പെടുത്തി ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ രംഗത്തെത്തിയിരുന്നു. കേസെടുക്കാന്‍ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ പൊലീസ് തയാറാക്കിയ എഫ്ഐആറില്‍ വിവരം തന്നയാള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. സുനന്ദ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കുട്ടിക്ക് കൗണ്‍സിലിംഗ് മാത്രമാണ് നല്‍കിയതെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു.
കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകന്‍ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരന്‍ അമ്മയ്‌ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു.