ആലുവ: വിവാഹവാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം
തട്ടി എടുത്തതായും പരാതി. ആലുവ യു.സി കോളജിന് സമീപം 49 കാരിയാണ് പോലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 11.40 ലക്ഷം രൂപ തട്ടിയെടുത്തതായുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലങ്ങാട് കോട്ടപ്പുറം പത്തായപ്പുരക്കല്‍ വീട്ടില്‍ പി.കെ.എം. അഷറഫിനെതിരെ (70) ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തു.
പ്രതിയുടെ വീടിനടുത്ത് വാടകക്ക് താമസിക്കുമ്പോൾ ആണ് ഇവർ പരിചയപ്പെട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമയാണെന്ന് പറഞ്ഞാണ് ഇയാൾ ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീടിൻ്റെ പണയതുകയായി ലഭിച്ച 10 ലക്ഷം രൂപയും കൂടാതെ 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയത്. ഒന്നര മാസത്തിലേറെ ഇരുവരും ഒരു വീട്ടില്‍ താമസിക്കുകയും ചെയ്തു. തുടർന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നടപടി ആരംഭിച്ചതോടെ കാണാതായി എന്നാണ് പരാതി. ആലുവ സി.ഐ പി.എസ്. രാജേഷിെന്റ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.