തദ്ദേശ സ്വയം ഭരണത്തില്‍ പക്ഷ വിപക്ഷ വിഭജനം സങ്കല്‍പിക്കപ്പെട്ടിട്ടില്ലെന്നും ജനാഭിലാഷം മാനിച്ച് എല്ലാവരെയും ഒന്നായി കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രമുഖ ഗാന്ധി ചിന്തകന്‍ പ്രൊഫ: ഡോക്ടര്‍ എം.പി. മത്തായി അഭിപ്രായപ്പെട്ടു. സിറ്റിസണ്‍സ് ഡയസ് സംഘടിപ്പിച്ച നഗരസഭാ സാരഥികള്‍ക്കു സ്വീകരണവും പൗര പ്രതിനിധികളുമായുള്ള മുഖാമുഖവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുവാറ്റുപുഴ ജില്ലയുടെ രൂപീകരണത്തിന് നിര്‍ദിഷ്ട മേഖലയ്ക്കുളളിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെ നഗരസഭ മുന്‍ കൈയ്യടുക്കണമെന്ന് മുഖാമുഖത്തില്‍ ഡയസ് അവതരിപ്പിച്ച ആമുഖ രേഖയില്‍ ആവശ്യപ്പെട്ടു. അരനൂറ്റാണ്ടു മുന്നില്‍ക്കണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക, നഗരത്തിന്റെ പല ഭാഗങ്ങളില്‍ ചെറുകിട ജല വിതരണ പദ്ധതികള്‍ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, പട്ടണത്തില്‍ രാഷ്ട്രപിതാവിന് ഉചിതമായ സ്മാരകം ഒരുക്കുക, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷനും ലേബര്‍ ഹെല്‍ത്ത് കാര്‍ഡുകളും ഏര്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുക, കച്ചേരിത്താഴത്തിനടുത്തു നൂറു ശതമാനം ലാഭകരമാകുന്ന സാമ്പത്തിക മാര്‍ഗം ഉപയോഗിച്ചു ‘മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ‘ സൗകര്യം ഏര്‍പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ഡയസ് മുന്നോട്ട് വച്ചു.
വിവിധ സന്നദ്ധ സംഘടനകളും കൂട്ടായ്മകളുമായി ചേര്‍ന്ന് ഉറവിട മാലിന്യ സംസ്‌കരണത്തിനും, മുളങ്കാടുകള്‍ വച്ചുപിടിപ്പിച്ച് ആറ്റുതീരസംരക്ഷണത്തിനും, ജല ശുദ്ധീകരണത്തിനും, പ്ലാസ്റ്റിക് പുനരുപയോഗത്തിനും ഫലപ്രദമായ നടപടികള്‍ വേണമെന്നു പൗരപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്കും, പോലീസ് സ്റ്റേഷനു മുന്നില്‍ പോലുമുള്ള നിയമവിരുദ്ധ പാര്‍ക്കിംഗുമെല്ലാം ചര്‍ച്ചയായി. നഗരസഭക്ക് വരുമാനമാര്‍ഗം കൂടിയായ ആടു, കന്നുകാലി മാര്‍ക്കറ്റുകള്‍ പുന:സ്ഥാപിക്കണമെന്നും നഗരപരിധിയില്‍ മാംസ വ്യാപാരം വീണ്ടും അനുവദിക്കണമെന്നും അഭിപ്രായങ്ങളുണ്ടായി. നഗരസഭ വക ഭൂമി അന്യാധീനപ്പെട്ടിട്ടുള്ളതു ചൂണ്ടിക്കാട്ടി തിരിച്ചു പിടിക്കണമെന്ന ആവശ്യമുയര്‍ന്നു. കോതമംഗലം റോഡില്‍ നിന്നും സ്റ്റേഡിയത്തിലേക്കുള്ള പി.ടി.ഉഷ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും പുഴയോര നടപ്പാത വയോജനങ്ങള്‍ക്കും അംഗ പരിമിതര്‍ക്കും സൗഹൃദമാകും വിധം പരിഷ്‌കരിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു.
അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡയസ് ചെയര്‍മാന്‍ പി.എസ്.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി എല്‍ദോസ്, വൈസ് ചെയര്‍പേഴ്‌സണ്‍ സിനി ബിജു എന്നിവരുള്‍പ്പെടെ 27 കൗണ്‍സിലര്‍മാരും സാമൂഹ്യ സാസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഓരോ ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ചു വിശദമായ മറുപടി നല്‍കി.