കാല്‍നൂറ്റാണ്ടിനുശേഷം ഔദ്യോഗിക പദവികളും സജീവ രാഷ്ട്രീയവും വിഎസ് ഉപേക്ഷിച്ചു. ഏറ്റവും ഒടുവില്‍ ഏറ്റെടുത്ത ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം കാലാവധിക്കു മുന്‍പ് ഒഴിയാനാണ് തീരുമാനം. ഭരണപരിഷ്‌കാര കമ്മിഷന്റെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി സമര്‍പ്പിച്ച ശേഷം രാജിക്കത്ത് നല്‍കാനാണ് വിഎസ് ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി അദ്ദേഹം കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതായി റിപ്പോര്‍ട്ട്. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് വിഎസ് ഇന്നലെ താമസം മാറിയിട്ടുണ്ട്. ആരോഗ്യ പ്രശ്നം കാരണമാണ് വിഎസ് അച്യുതാനന്ദന്‍ സ്ഥാനം ഒഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. താല്‍ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റല്‍ അഡ്രസ്സ് ബാര്‍ട്ടണ്‍ ഹില്ലയിലെ വിലാസമായിരിക്കും എന്നറിയിച്ചുള്ള വാര്‍ത്താ കുറിപ്പ്.
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ആരോഗ്യപ്രശനങ്ങള്‍ കാരണം വിഎസ് പൊതുരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്.
അതേസമയം വി.എസ് സജീവമല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കഴിഞ്ഞ അഞ്ച് അസംബ്ലി തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയുടെ പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് വിഎസായിരുന്നു. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു തിരഞ്ഞെടുപ്പ് രംഗത്തെ താരം.
പാര്‍ട്ടി സെക്രട്ടറിയായി പതിനൊന്നു കൊല്ലത്തോളം പ്രവര്‍ത്തിച്ച ശേഷമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ട് വിഎസ് പാര്‍ലമെന്ററി രംഗത്തേക്ക് വന്നത്. പിന്നീട് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും വീണ്ടും പ്രതിപക്ഷ നേതാവായും അദ്ദേഹം ഇടതുമുന്നണിയുടെ നായക സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും ഒന്നിച്ചാണ് ഇടതുമുന്നണിക്ക് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നത്. വിഎസിന്റെ പടം വെച്ച പോസ്റ്ററുകളാണ് 140 മണ്ഡലങ്ങളിലെയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ പ്രചരിപ്പിച്ചത്.
പ്രായാധിക്യവും രോഗബാധയും മൂലം സ്വന്തം മണ്ഡലമായ മലമ്പുഴയിലേക്ക് എത്താന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. കോവിഡ് പടര്‍ന്നു പിടിച്ചതോടെ യാത്രകള്‍ ഡോക്ടര്‍മാര്‍ നിരോധിക്കുകയും ചെയ്തു. ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്തെങ്കിലും ഭരണപരിഷ്‌കാര കമ്മിഷന്‍ പദവിയുടെ കാലാവധി പൂര്‍ത്തിയാകും വരെ കാത്തുനില്‍ക്കാതെ പാര്‍ലമെന്ററി സംവിധാനങ്ങളോട് വിട പറയുകയാണ് വയലാര്‍ സമര നായകന്‍.