കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മൂന്നു സീറ്റുകള്‍ യുഡിഎഫിനോട് ആവശ്യപ്പെടുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. ’91 ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് നാല് സീറ്റ് കിട്ടി. പിന്നീടുളള തെരഞ്ഞെടുപ്പുകളില്‍ മൂന്നു സീറ്റുകളാണ് തന്നിരുന്നത്. 2011-ല്‍ മത്സരിച്ച നെന്മാറ, കുന്നംകുളം, നാട്ടിക എന്നീ മണ്ഡലങ്ങളാണ് ഇത്തവണയും ഞങ്ങള്‍ ആവശ്യപ്പെടുന്നത്.’ സിപി ജോണ്‍ പറഞ്ഞു.
നെന്മാറ സീറ്റ് സിഎംപിക്ക് നല്‍കുന്നുണ്ടെങ്കില്‍ അവിടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററിന്റെ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണനായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട കുന്നംകുളത്ത് നിന്ന് ഇത്തവണ സി.പി.ജോണ്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയില്ല. താനിപ്പോള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ് തന്റെ ദൗത്യം സിഎംപിയെ ഒരു പ്രധാന രാഷ്ട്രീയ കക്ഷിയാക്കുക എന്നുളളതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
2011ല്‍ എം.വി. രാഘവന്‍ പരാജയപ്പെട്ട മണ്ഡലമാണ് നെന്മാറ. എം.വി.ആര്‍. മത്സരിച്ചു എന്ന വൈകാരികതയിലാണ് അവിടെ മത്സരിക്കാന്‍ താത്പര്യം. മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്നും വിജയകൃഷ്ണന്‍ നേരത്ത വ്യക്തമാക്കിയിരുന്നു.