എറണാകുളം: കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് ജില്ലയില്‍ തുടക്കം. ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഡോ. ജോസഫ് ചാക്കോ, മുന്‍ ഡി എം ഒ ഡോ. ജുനൈദ് റഹ്മാന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സവിത, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. രാവിലെ 10.30 ന് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ദേശീയ തല ഉദ്ഘാടനത്തിനു ശേഷമാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്.
ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ബ്ലോക്കിലെ ഒന്നാം നിലയിലാണ് വാക്‌സിനേഷന്‍ മുറി ക്രമീകരിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിയല്‍ രേഖ വെരിഫൈ ചെയ്ത ശേഷമാണ് വാക്‌സിനേഷന്‍ മുറിയില്‍ പ്രവേശിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ വിശ്രമിക്കണം. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിരുന്നു. ജനറല്‍ ആശുപത്രിയിലെ 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ദിവസം വാക്‌സിന്‍ നല്‍കിയത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ സജ്ജീകരിച്ച ഇന്ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എം.എല്‍. എ, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ശിവദാസ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ഡി എം ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡി എം ഒ ഇന്‍ ചാര്‍ജ് ഡോ. ആര്‍. വിവേക് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ആദ്യ ഘട്ടത്തില്‍ 63000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഇവരെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തിയത്. ഇതിനായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അതാത് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ അറിയിപ്പ് നല്‍കി. ആരോഗ്യ പ്രവര്‍ത്തകരുടെ പൂര്‍ണ്ണ വിവരങ്ങള്‍ക്കു പുറമേ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖാ നമ്പര്‍ കൂടി നല്‍കണം. ആധാര്‍/ ഡ്രൈവിംഗ് ലൈസന്‍സ്/ വോട്ടര്‍ ഐഡി/ പാന്‍ കാര്‍ഡ്/ പാസ്‌പോര്‍ട്ട് / ജോലി ഐ ഡി കാര്‍ഡ്/ പെന്‍ഷന്‍ രേഖ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തുടര്‍ന്ന് മുഴുവന്‍ വിവരങ്ങളും എക്‌സല്‍ ഷീറ്റില്‍ രേഖപ്പെടുത്തി. ഈ ഡേറ്റ ജില്ലയിലെ കോ-ഓര്‍ഡിനേഷന്‍ വിംഗിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സര്‍വറിലേക്ക് അപ് ലോഡ് ചെയ്തു. ഈ ഡേറ്റാ ബാങ്കില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.
രണ്ടാം ഘട്ടത്തില്‍ ആശ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ഇതിനായുള്ള വിവരശേഖരണ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി തുറന്നു നല്‍കിയിട്ടില്ല.