കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം കൂടുതലാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. താനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പറയുന്നതെന്നും ഷമ വ്യക്തമാക്കി. ഏറ്റവുമധികം സ്ത്രീകളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമെല്ലാം പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ കാണാനാകും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ അത് കാണാന്‍ സാധിക്കുമോ എന്നും ഷമ ചോദിച്ചു.
വനിതകള്‍ മുന്‍ നിരയിലേക്ക് വരുന്നതിന് ചില മുതിര്‍ന്ന നേതാക്കളെങ്കിലും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഒരു സ്ഥിരത നിലനിര്‍ത്തണമെങ്കില്‍ സംവരണം കൊണ്ടുവരണമെന്നും ഷമ അഭിപ്രായപ്പെട്ടു. അതിനുവേണ്ടി ഒരു നിയമം പാസാക്കാന്‍ കേന്ദ്രത്തിന് കഴിയുമെങ്കിലും മോദി സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. 33 ശതമാനം വനിത സംവരണം വേണമെന്നതാണ് കോണ്‍ഗ്രസിന്റെ നയമെന്നും ഷമ കൂട്ടിച്ചേര്‍ത്തു.
ഞാനാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു സ്ത്രീ ഈ സ്ഥാനത്തേക്കെത്തുന്നത്. പക്ഷെ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷെ ഇവിടെ അവര്‍ക്ക് ഞാനെന്ന് എഐസിസിക്കാരിയൊന്നുമില്ല, ഒരു സാധാരണക്കാരി മാത്രം- ഷമ മുഹമ്മദ.്
കേരളത്തിലെ പാര്‍ട്ടി പരിപാടികളുടെ മുന്‍നിരയില്‍ നമുക്ക് വനിതാ നേതാക്കളെ ഇപ്പോഴും കാണാന്‍ സാധിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും കേരള രാഷ്ട്രീയത്തില്‍ ലഭിക്കുന്നില്ല.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് നിന്ന് പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ ഷമ മുഹമ്മദ് പറഞ്ഞിരുന്നു. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ഷമയുടെ നിലപാട്.