സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 6,769 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കാനായി ലഭിച്ചിരിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ അദാലത്ത് നടക്കുന്ന വേദികളില്‍ തിരക്ക് ക്രമീകരിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിലാണു ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് നടക്കുന്നത്. അദാലത്ത് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പ്രവര്‍ത്തിക്കും.
കിടപ്പുരോഗികള്‍, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവര്‍, ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും അദാലത്ത് നടക്കുന്ന വേദികളിലേക്കു നേരിട്ട് എത്തരുത്. പകരം പ്രതിനിധികളെ മതിയായ രേഖകള്‍ സഹിതം അയച്ചാല്‍ മതി. 10 വയസിനു താഴെ പ്രായമുള്ള കുട്ടികളെ അദാലത്ത് കേന്ദ്രങ്ങളില്‍ കൊണ്ടുവരുന്നതിനും കര്‍ശന വിലക്കുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഇക്കാര്യത്തില്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഓരോ കേന്ദ്രത്തിലേക്കുമുള്ള പ്രവേശന കവാടത്തില്‍ ശരിരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. അദാലത്തിനെത്തുന്നവര്‍ക്കു വൈദ്യസഹായം ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനായി ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
അദാലത്ത് വേദിയിലും പരിസരങ്ങളിലും സാമൂഹിക അകലം പാലിച്ചാകും കസേരകള്‍ ക്രമീകരിക്കുക. പരാതികള്‍ കേള്‍ക്കുന്ന വേദിയിലേക്ക് ടോക്കണ്‍ നല്‍കി ആളുകളെ പ്രവേശിപ്പിക്കും. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളുടേയും പ്രത്യേക സ്റ്റാളുകള്‍ അദാലത്ത് വേദികളില്‍ സജ്ജമാക്കും. പരാതികളുടെ സ്വഭാവമനുസരിച്ച് ഈ സ്റ്റാളുകളുമായി പൊതുജനങ്ങള്‍ക്കു ബന്ധപ്പെടാം. തിരക്ക് ഒഴിവാക്കാനാണ് ഈ ക്രമീകരണങ്ങള്‍. സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ പ്രാഥമിക കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ പൊലീസിനു പുറമേ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍, എന്‍.സി.സി. കേഡറ്റുകള്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.