എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം. കൂടുതല്‍ ആളുകളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. ആദ്യപടിയായി യുവാക്കളെ തിരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വീപ് ടീമിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടികള്‍ നടക്കുന്നത്. ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. തിരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന ലഘുവീഡിയോകള്‍ പ്രദര്‍ശിപ്പിച്ചാണ് ബോധവത്കരണം. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഇടവേളകളില്‍ അധ്യാപകരുടെ അനുവാദത്തോടെ ലഘുവീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. കോളേജുകള്‍ തുറക്കുന്ന മുറക്ക് നേരിട്ട് കോളേജിലെത്തിയും ബോധവത്കരണ പരിപാടികള്‍ നടത്തും. തഹസില്‍ ദാര്‍മാരായിരിക്കും ഇതിന് നേതൃത്വം നല്‍കുക. അതാത് തഹസില്‍ദാര്‍മാര്‍ തങ്ങളുടെ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ജില്ലയില്‍ 18 നും 19നും ഇടയില്‍ പ്രായമുള്ള 90,000 പേരാണുള്ളത്. ഇതില്‍ പത്തു ശതമാനം ആളുകള്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളത്.
ഇതു കൂടാതെ ആകാശവാണി, എഫ്.എം. റേഡിയോകള്‍, സോഷ്യല്‍ മീഡിയകള്‍ വഴിയും ബോധവത്കരണ സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന കുട്ടമ്പുഴ പോലുള്ള പഞ്ചായത്തുകളില്‍ ജില്ലാതല സ്വീപ് ടീം നേരിട്ടെത്തിയാണ് വോട്ടര്‍മാരെ ചേര്‍ക്കുന്നത്. നെറ്റ് വര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ ഇവിടെയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ വച്ച് പേരുകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
ഇതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെയും സേവനം ഉള്‍പ്പെടുത്താനും തീരുമാനിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സഹകരണം ഉറപ്പാക്കി. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിവരശേഖരണം ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം നടക്കുന്നത്. ഭിന്നശേഷിക്കാരായ പുതിയ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അനാഥാലയങ്ങള്‍, ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പിനാണ് ചുമതല.
ഏതെങ്കിലും തരത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തു പോയതോ ഇതുവരെ പേര് ചേര്‍ക്കാത്തതോ ആയ മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പട്ടികജാതി പട്ടികവര്‍ഗ കോളനികള്‍, തീരദേശങ്ങള്‍ എന്നിവിടങ്ങളിലെ ബോധവത്കരണം ശക്തമാക്കും. കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പ് , സാമൂഹ്യനീതി വകുപ്പ് , റവന്യൂ വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ്മ നോഡല്‍ ഓഫീസറായി സ്വീപിന്റെ അഞ്ചംഗ സമിതിയെ നിയോഗിച്ചു.